ബിഹാറില്‍ കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ചവരെ ആക്രമിച്ച് ബിജെപി

കാർഷിക ബില്ലിനെതിരേ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുകയാണ്.

Update: 2020-09-25 12:20 GMT

പട്ന: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ച ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) അംഗങ്ങളെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. ബിഹാറിലെ ബിജെപി പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പിലായിരുന്നു സംഭവം. കേന്ദ്ര നയങ്ങൾക്കെതിരേ ജന്‍ അധികാര്‍ പാര്‍ട്ടി ബിജെപി ഓഫീസ് വളഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്.

കര്‍ഷക ബില്ലിനെതിരേ പ്രതിഷേധവുമായി ബിജെപി ഓഫീസ് വളയുവാനെത്തിയ ജെഎപി പ്രവര്‍ത്തകരെയാണ് ദണ്ഡയുമായെത്തിയ ബിജെപിക്കാര്‍ മര്‍ദ്ദിച്ചത്. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ബിഹാറിലേയും പ്രതിഷേധം. പോലിസ് നോക്കിനിൽക്കെയാണ് ബിജെപിയുടെ ​ഗുണ്ടായിസം അരങ്ങേറിയത്.

കാർഷിക ബില്ലിനെതിരേ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ ഈ ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. കാർഷിക ബില്ലിനെ കർഷക വിരുദ്ധമെന്ന് വിളിച്ച് ജൻ അധികാർ പാർട്ടി പ്രവർത്തകരും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്ല് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്ല്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ബില്ല് എന്നിവയ്ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. 

Similar News