പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു; പിന്നില്‍ ടിഎംസി അനുയായികളെന്ന് ബിജെപി

40 കാരനായ സുദര്‍ശന്‍ പ്രമാണിക് ആണ് മരിച്ചത്. ജില്ലയിലെ ഖനാകുല്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

Update: 2020-08-16 03:25 GMT

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. 40 കാരനായ സുദര്‍ശന്‍ പ്രമാണിക് ആണ് മരിച്ചത്.

ജില്ലയിലെ ഖനാകുല്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പതാക ഉയര്‍ത്തിയതിനെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സുദര്‍ശന്‍ പ്രമാണികിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി ജില്ലയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുയായികളാണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹൂഗ്ലി ജില്ലയില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദ് ആചരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ബിജെപിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് ടിഎംസി നേതാവും ജില്ലയിലെ പാര്‍ട്ടിയുടെ വക്താവുമായ പ്രബീര്‍ ഘോസല്‍ പറഞ്ഞു.


Tags:    

Similar News