യുവതിക്ക് നേരെ ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ക്രൂരമര്‍ദനം; വയറ്റില്‍ ചവിട്ടേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം

തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവായ എം ആര്‍ ഗോപന്റെ മകനായ വിവേകും സംഘവുമാണ് യുവതിയെ ആക്രമിച്ചത്.

Update: 2020-08-19 18:35 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ക്രൂരമര്‍ദ്ദനം. വയറ്റില്‍ ചവിട്ടേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തു.

തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവായ എം ആര്‍ ഗോപന്റെ മകനായ വിവേകും സംഘവുമാണ് യുവതിയെ ആക്രമിച്ചത്. നേമം തൃക്കണ്ണാപുരം സ്വദേശിനിയായ ആതിരാ ക്യഷ്ണനെയാണ് എം ആര്‍ ഗോപന്റെ മകന്‍ വിവേക് ആക്രമിച്ചത്. ആതിര താമസിക്കുന്ന ഫഌറ്റില്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കിയ യുവാവിനെ ചോദ്യം ചെയ്തുകൊണ്ട് എത്തിയ സംഘമാണ് ആക്രമിച്ചത്. ആതിരയുടെ സഹോദരിമാരുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. പ്രകോപനം ഒന്നുമില്ലാതെ ആയിരുന്നു ആക്രമണം എന്ന് ആതിര പറഞ്ഞു.

യുവാവിനെ ആക്രമിക്കുന്നത് കണ്ട് ചോദ്യം ചെയ്ത യുവതിയേയും സംഘം ആക്രമിച്ചു. അടിവയറ്റില്‍ ചവിട്ടുകയും അടിക്കുകയും ചെയ്തതായി ആതിര പറഞ്ഞു. ഉടനെ വാഹനത്തില്‍ കയറി ആശുപത്രിയിലേക്ക് പോയെന്നും കാറില്‍ വച്ച് തന്നെ രക്തസ്രാവം ഉണ്ടായെന്നും ആതിര പറഞ്ഞു.

നഗരസഭാ കൗണ്‍സിലര്‍ എം ആര്‍ ഗോപന്‍ ആശുപത്രിയില്‍ എത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ആതിര പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആശുപത്രി ചിലവ് വഹിക്കാമെന്നും 25000 രൂപ നല്‍കാമെന്നും ഗോപന്‍ വാഗ്ദാനം ചെയ്തതായും ആതിര പറഞ്ഞു. ഒത്തുതീര്‍പ്പിന് തയ്യാറാവാതിരുന്നതോടെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയതായും ആതിര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

Tags: