ടിപ്പു ജയന്തി അവസാനിപ്പിച്ചതിനു പിന്നില്‍ ബിജെപിയുടെ ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പെന്ന് സിദ്ധരാമയ്യ

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായാണ് ടിപ്പു സുല്‍ത്താനെ താന്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Update: 2019-07-30 17:09 GMT

ബംഗളൂരു: ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ് മൂലമാണ് ബിജെപി ടിപ്പു ജയന്തി അവസാനിപ്പിച്ചെതന്ന ആരോപിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയിലാണ് ടിപ്പു ജയന്തി ആഘോഷം തുടങ്ങിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായാണ് ടിപ്പു സുല്‍ത്താനെ താന്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടങ്ങിവയ്ക്കുക മാത്രമാണ് താന്‍ ചെയ്തത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആള്‍ എന്ന നിലയില്‍ കര്‍ണാടക ജനത അത് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ബിജെപിയുടേയും വലതു പക്ഷ സംഘടനകളുടെയും കടുത്ത എതിര്‍പ്പുകള്‍ക്കിടെ വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്.

അധികാരത്തിലേറി മൂന്നാംദിനം മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. കുടകിലെ എംഎല്‍എമാരുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്‌കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്.

ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ല്‍ കുടക് മേഖലയില്‍ സംഘപരിവാരം അഴിച്ചുവിട്ട ആക്രമണങ്ങള്‍ക്കിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News