ശിവസേനാ നേതാവിനെ പോലിസ് സ്‌റ്റേഷനുള്ളില്‍ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍(വീഡിയോ)

Update: 2024-02-03 06:37 GMT

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ശിവസേന(ഏകനാഥ് ഷിന്‍ഡെ വിഭാഗം) നേതാവിനെ പോലിസ് സ്‌റ്റേഷനുള്ളില്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചതിന് ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. കല്യാണിലെ ശിവസേനാ തലവന്‍ മഹേഷ് ഗെയ്ക്‌വാദിന് നേരെയാണ് ബിജെപിയുടെ കല്യാണ്‍ എംഎല്‍എ ഗണ്‍പത് ഗെയ്ക്‌വാദ് വെടിയുതിര്‍ത്തതെന്ന് അഡീഷണല്‍ പോലിസ് കമ്മീഷണര്‍ ദത്താത്രയ ഷിന്‍ഡെ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഉല്ലാസ് നഗര്‍ ഏരിയയിലെ ഹില്‍ ലൈന്‍ പോലിസ് സ്‌റ്റേഷനിലാണ് സംഭവം. സീനിയര്‍ ഇന്‍സ്‌പെക്ടറുടെ ചേംബറിനുള്ളിലാണ് വെടിവയ്പുണ്ടായത്. മഹാരാഷ്ട്രയില്‍ കുറ്റവാളികളുടെ രാജ്യം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ശ്രമിക്കുന്നതെന്ന് ആരോപിച്ച ഗണ്‍പത് ഗെയ്ക്‌വാദ് താന്‍ തോക്ക് ഉപയോഗിച്ചതായി അറസ്റ്റിന് മുമ്പ് ഒരു വാര്‍ത്താ ചാനലിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെ സമ്മതിക്കുകയും ചെയ്തു. വെടിയേറ്റ മഹേഷ് ഗെയ്ക്‌വാദിനെ പ്രാദേശിക ആശുപത്രിയില്‍നിന്ന് താനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയതായും വിജയകരമാണെന്നും ശിവസേനയുടെ കല്യാണ്‍ ജില്ലാ ചുമതലയുള്ള ഗോപാല്‍ ലാന്‍ഡെ പറഞ്ഞു.

  

This is not a scene from the Movie Gangs of Wasseypur. But a CCTV footage from Ulhasnagar Police station (Maharashtra ) where BJP MLA Ganpati Gaikwad can be seen firing at Shivsena leader Mahesh Gaikwad and others. pic.twitter.com/TfU7xlLSmO

ഗണ്‍പത് ഗെയ്ക്‌വാദിന്റെ മകന്‍ ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട് ഗണപത് ഗെയ്ക്‌വാദും അനുയായികളും പോലിസ് സ്‌റ്റേഷനിലെത്തി. എംഎല്‍എയും സേനാ നേതാവും തമ്മിലുള്ള തര്‍ക്കത്തിനിടെ സീനിയര്‍ ഇന്‍സ്‌പെക്ടറുടെ ചേമ്പറിനുള്ളില്‍ വച്ച് മഹേഷ് ഗെയ്ക്‌വാദിന് നേരെ ഗണ്‍പത് ഗെയ്ക്‌വാദ് വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞാന്‍ തന്നെയാണ് വെടിവച്ചതെന്നും അതില്‍ ഖേദമില്ലെന്നും ഗണ്‍പത് ഗെയ്ക്‌വാദ് പറഞ്ഞു. പോലിസ് സ്‌റ്റേഷനില്‍ പോലിസിന്റെ മുന്നില്‍വെച്ച് എന്റെ മകനെ മര്‍ദിച്ചാല്‍ ഞാനെന്തു ചെയ്യണമെന്നും അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായും അദ്ദേഹം പറഞ്ഞു.

    മഹാരാഷ്ട്രയില്‍ കുറ്റവാളികളുടെ രാജ്യം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ശ്രമിക്കുന്നതെന്നും ബിജെപി എംഎല്‍എ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയും ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമാണ് ഭരണം കൈയാളുന്നത്. സംഭവത്തില്‍ ഗണപത് ഗെയ്ക്‌വാദിനെ കൂടാതെ രണ്ടുപേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനും കല്യാണ്‍ എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അദ്ദേഹം ചെയ്ത പ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുകയും ചെയ്തതായും ബിജെപി എംഎല്‍എ ആരോപിച്ചു. 'ഇവര്‍ ഞങ്ങളുടെ നേതാക്കള്‍ക്കെതിരേ അക്രമത്തില്‍ ഏര്‍പ്പെടുകയാണെന്ന് ഞാന്‍ എന്റെ നേതാക്കളോട് പലതവണ പറഞ്ഞിരുന്നു. താന്‍ പത്ത് വര്‍ഷം മുമ്പ് ഒരു പ്ലോട്ട് വാങ്ങിയിരുന്നു. ചില നിയമപ്രശ്‌നങ്ങളുണ്ടെങ്കിലും കോടതിയില്‍ അവര്‍ വിജയിച്ചു. എന്നാല്‍ മഹേഷ് ഗെയ്ക്‌വാദ് ഇത് ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതാണ്. ഷിന്‍ഡെ ഉദ്ധവ് താക്കറെയെ ഒറ്റിക്കൊടുത്തു. അദ്ദേഹം ബിജെപിയെയും ഒറ്റിക്കൊടുക്കും. മഹാരാഷ്ട്ര നന്നായി കൈകാര്യം ചെയ്യണമെങ്കില്‍ ഷിന്‍ഡെ രാജിവയ്ക്കണം. ഉപമുഖ്യമന്ത്രിദേവേന്ദ്ര ഫഡ്‌നാവിസിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എന്റെ വിനീതമായ അഭ്യര്‍ത്ഥനയാണിതെന്നും ബിജെപി എംഎല്‍എ പറഞ്ഞു.

Tags:    

Similar News