മുസ് ലിംകള്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണമെന്ന് ബിജെപി എംഎല്‍എ

'പെരുന്നാളിന് ബലി കര്‍മം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണം. ലോനിയിലെ ജനങ്ങളെ മാംസവും മദ്യവും ഉപയോഗിക്കാന്‍ ഞാന്‍ അനുവദിക്കില്ല. മാംസം കൊറോണ പരത്തുന്നതിനാല്‍ മൃഗങ്ങളെ ബലി നല്‍കുന്നത് അനുവദിക്കില്ല', ബിജെപി എംഎല്‍എ പറഞ്ഞു.

Update: 2020-07-29 03:08 GMT

ന്യൂഡല്‍ഹി: ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്വേഷ പ്രസംഗവുമായി യുപിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ. മുസ് ലിംകള്‍ ബലിപെരുന്നാളിന് മൃഗങ്ങള്‍ക്ക് പകരം സ്വന്തം കുട്ടികളെ ബലി നല്‍കണമെന്നായിരുന്നു യുപിയിലെ ലോനി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജാറിന്റെ പ്രസ്താവന. മാംസം കൊറോണ പരത്തുമെന്നും മൃഗ ബലി നടത്താന്‍ അനുവദിക്കരുതെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

'പെരുന്നാളിന് ബലി കര്‍മം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണം. ലോനിയിലെ ജനങ്ങളെ മാംസവും മദ്യവും ഉപയോഗിക്കാന്‍ ഞാന്‍ അനുവദിക്കില്ല. മാംസം കൊറോണ പരത്തുന്നതിനാല്‍ മൃഗങ്ങളെ ബലി നല്‍കുന്നത് അനുവദിക്കില്ല', ബിജെപി എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചുകൊണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥന നിര്‍ത്തിവച്ച ജനങ്ങള്‍ മൃഗബലി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുധര്‍മത്തിലും മൃഗബലിയുണ്ടായിരുന്നു. എന്നാല്‍, മൃഗബലിക്ക് പകരം തേങ്ങയുടക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മൃഗബലി അവസാനിപ്പിക്കണമെന്ന് മുസ് ലിം സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ലോനി മണ്ഡലത്തില്‍ മൃഗബലി അനുവദിക്കില്ലെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News