ആയുധവുമായി മൂന്ന് പേര്‍ പിന്തുടര്‍ന്നെന്ന് ബിജെപി പ്രവര്‍ത്തകന്‍; പരാതി കള്ളമാണെന്ന് തെളിഞ്ഞതോടെ പരാതിക്കാരനെതിരേ കേസെടുത്തു

Update: 2022-08-03 17:02 GMT

മംഗളൂരു: തുടര്‍ച്ചയായി മൂന്ന് കൊലപാതകം നടന്ന കര്‍ണാടകയില്‍ വ്യാജ പരാതിയുമായി ബിജെപി പ്രവര്‍ത്തകന്‍. തന്നെ മാരകായുധങ്ങളുമായി മൂന്ന് പേര്‍ പന്തുടര്‍ന്നതായാണ് ബിജെപി പ്രവര്‍ത്തകന്‍ കിഷോര്‍ സല്യാന്‍(49) പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ പോലിസ് പരാതി വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പരാതി നല്‍കിയ ബിജെപി പ്രവര്‍ത്തകനെതിരേ നടപടി സ്വീകരിച്ചതായി പോലിസ് അറിയിച്ചു.

കര്‍ണാടകയില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങളാണ് അരങ്ങേറിയത്. രണ്ട് മുസ് ലിം യുവാക്കളും ഒരു യുവമോര്‍ച്ച നേതാവുമാണ് കൊല്ലപ്പെട്ടത്. മുസ് ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തുടര്‍ച്ചയായ കൊലപാതങ്ങളെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടേയാണ് വ്യാജ പരാതിയുമായി ബിജെപി പ്രവര്‍ത്തകന്‍ ദുരൂഹത സൃഷ്ടിച്ചത്.

Tags: