ടോള്‍ ബൂത്ത് ജീവനക്കാരെ ബിജെപി എംഎല്‍എയും സംഘവും മര്‍ദ്ദിച്ചു
എന്നാല്‍, ടോള്‍ ബൂത്ത് ജീവനക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തന്റെ ഗാര്‍ഡുകള്‍ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് ഇറ്റാവയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശങ്കര്‍ കത്തേരിയയുടെ അവകാശവാദം.
ആഗ്ര: യുപിയിലെ ബിജെപി എംഎല്‍എയുടെ സുരക്ഷാ ഗാര്‍ഡുകള്‍ ആഗ്രയിലെ ടോള്‍ ബൂത്ത് ജീവനക്കാരെ മര്‍ദ്ദിച്ചു. ഇതേ തുടര്‍തുടര്‍ന്ന് ബിജെപി എംഎല്‍എക്കെതിരേ കേസെടുത്തു. എന്നാല്‍, ടോള്‍ ബൂത്ത് ജീവനക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തന്റെ ഗാര്‍ഡുകള്‍ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് ഇറ്റാവയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശങ്കര്‍ കത്തേരിയയുടെ അവകാശവാദം.
സംഭവത്തിന്റെ സിസിടിവി ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. പോലിസുകാരന്റെ സാന്നിധ്യത്തിലാണ് എംഎല്‍എയുടെ സുരക്ഷാ ഗാര്‍ഡുകള്‍ ടോള്‍ ബൂത്ത് ജീവനക്കാരെ കൈകാര്യം ചെയ്തതെന്ന് ദൃശ്യം വ്യക്തമാക്കുന്നു. ജീവനക്കാരുമായുള്ള തര്‍ക്കത്തിനിടെ ഒരു ഗാര്‍ഡ് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. പോലിസുകാരന്‍ ബൂത്ത് ജീവനക്കാരന്റെ കോളറയില്‍ പിടിച്ചു നില്‍ക്കവേ എംഎല്‍എയുടെ അനുയായികളില്‍ ഒരാള്‍ ചവിട്ടുന്നതും ദൃശ്യത്തിലുണ്ട്.
ശനിയാഴ്ച്ച പുലര്‍ച്ചെ 3.52ന് കത്തേരിയ ഇറ്റാവയില്‍ നിന്ന് ആഗ്രയിലേക്കു പോകവേയാണ് സംഭവം. കത്തേരിയയുടെ സംഘത്തില്‍ അദ്ദേഹത്തിന്റെ കാര്‍ കൂടാതെ അഞ്ച് കാറുകളും ഒരു ബസ്സും ഉണ്ടായിരുന്നതായി ടോള്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കാറുകള്‍ ഒന്നിനു പിറകേ ഒന്നായി പോകണമെന്ന് ജീവനക്കാരില്‍ ഒരാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് കൂട്ടാക്കാതെ എംഎല്‍എയുടെ ഗാര്‍ഡുകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടോള്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരിലൊരാള്‍ എന്റെ അടുത്ത് വന്ന് സഹായം ആവശ്യപ്പെട്ടു. ഞാന്‍ ചെന്നപ്പോള്‍ അവര്‍ എന്നെയും മര്‍ദ്ദിച്ചു. വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാവിയില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എംഎല്‍എ കത്തേരിയ ആയിരിക്കും അതിന് ഉത്തരവാദി. ജോലിയില്‍ നിന്ന് രാജിവയ്ക്കാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്-ടോള്‍ ബൂത്ത് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.
എന്നാല്‍, തന്റെ ജീവനക്കാര്‍ ടോള്‍ ബൂത്ത് തൊഴിലാളികളെ ആക്രമിച്ചിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. മറ്റു കാറുകള്‍ തന്റെ സംഘത്തിലുണ്ടായിരുന്നതാണെന്ന് ടോള്‍ ബൂത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അറിയില്ലായിരുന്നു. മറ്റു കാറുകള്‍ ടോള്‍ കൊടുക്കാതെ തന്റെ കൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നാണ് അവര്‍ കരുതിയത്. തന്റെ സുരക്ഷാ ഗാര്‍ഡുകള്‍ സ്വയരക്ഷാര്‍ത്ഥം ആകാശത്തേക്ക് വെടിവയ്ക്കുക മാത്രമാണ് ചെയ്തത്-കത്തേരിയ അവകാശപ്പെട്ടു.
