എല്ലാവര്‍ക്കും ഒരേ സ്വരം; പിന്നില്‍ ബിജെപി ഐടി സെല്‍ -വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

മോദി ഭരണകൂടത്തെ അനുകൂലിക്കുന്ന ഒരെ മാതൃകയിലുള്ള പ്രതികരണങ്ങളും ട്വീറ്റുകളുമായാണ് രാജ്യത്തെ കായിക താരങ്ങളും സെലിബ്രിറ്റികളും രംഗത്തെത്തിയത്.

Update: 2021-02-04 07:09 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ആഗോള തലത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ പ്രതിരോധ തന്ത്രവുമായി ബിജെപിയും. മോദി ഭരണകൂടത്തെ അനുകൂലിക്കുന്ന ഒരെ മാതൃകയിലുള്ള പ്രതികരണങ്ങളും ട്വീറ്റുകളുമായാണ് രാജ്യത്തെ കായിക താരങ്ങളും സെലിബ്രിറ്റികളും രംഗത്തെത്തിയത്.


IT cell gave the same script to both 😂

Posted by Dhruv Rathee on Wednesday, February 3, 2021

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, അനില്‍കുംബ്ലെ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, രവിശാസ്ത്രി, ആര്‍പി സിങ്, പി ടി ഉഷ എന്നിവര്‍ സര്‍ക്കാറിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തി. ഇവരെ യഥാര്‍ത്ഥ ദേശ സ്‌നേഹികള്‍ എന്ന് വിശേഷിപ്പിച്ച് ബിജെപി-ആര്‍എസ്എസ് അനുകൂല പ്രൊഫൈലുകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി.


ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചതിങ്ങനെ:

'ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമാണ് സച്ചിന്റെ ട്വീറ്റ്. കര്‍ഷക സമരത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് ട്വീറ്റ്.

ഇതേ മാതൃകയിലാണ് വിരാട് കോലി മുതല്‍ പി ടി ഉഷവരേയുള്ളവരുടെ പ്രതികരണങ്ങളും. സമാനമായ ഹാഷ് ടാഗുകളാണ് എല്ലാവരും ഉപയോഗിച്ചത്.

ട്വിറ്ററില്‍ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രാജ്യാന്തര പോപ്പ് താരം റിഹാന, കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്താണ് നമ്മള്‍ സംസാരിക്കാത്തതെന്ന് ട്വീറ്റ് ചെയ്തിരുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സെലിബ്രിറ്റികളും കായിക താരങ്ങളും ബിജെപി അനുകൂല പ്രൊഫൈലുകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായത്. സെന്‍സേഷണല്‍ ഹാഷ് ടാഗുകളും കമന്റുകളും ഏറ്റെടുക്കുന്നത് ചില പ്രശസ്തരുടെ പതിവാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ഷകരുടെ ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

സിനിമ താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ കേന്ദ്രത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി. 'ഇന്ത്യയ്‌ക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഈ മണിക്കൂറില്‍ ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണ്. കര്‍ഷകര്‍ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണ്' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ച് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

'പ്രക്ഷുബ്ധമായ കാലത്താണു നാം ജീവിക്കുന്നത്, ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താന്‍ ഒരുമിച്ച് ശ്രമിക്കാം. നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്' കരണ്‍ ജോഹര്‍ പറഞ്ഞു.

'അര്‍ധ സത്യത്തേക്കാള്‍ അപകടകരമായ ഒന്നുമില്ല. എല്ലായ്‌പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലര്‍ത്തണം.' കേന്ദ്രത്തെ പിന്തുണച്ച് സുനില്‍ ഷെട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് അജയ് ദേവ്ഗണും ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ആരും ഇടപെടേണ്ടെന്നും അതു പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് അറിയാമെന്നുമായിരുന്നു അത്‌ലറ്റ് പി.ടി ഉഷയുടെ ട്വീറ്റ്.

'ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാം. കാരണം നാനാത്വത്തില്‍ ഏകത്വം മുറുകെപ്പിടിക്കുന്ന ലോകത്തെ ഏക രാഷ്ട്രം ഞങ്ങളാണ്' ഉഷ കുറിച്ചു.

രണ്ട് മാസത്തോളമായി കര്‍ഷക പ്രക്ഷോഭവും കര്‍ഷക മരണങ്ങളും രാജ്യ തലസ്ഥാനത്ത് അരങ്ങേറിയിട്ടും മൗനം പാലിച്ചവരാണ് പരോക്ഷമായി ഭരണകൂടത്തെ അനുകൂലിച്ച് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയായതോടെ പുതിയ തന്ത്രവുമായി ബിജെപി ഐടി സെല്‍ രംഗത്തെത്തിയിരിക്കുകയാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. എല്ലാവര്‍ക്കും ഒരേ സ്വരമാണെന്നും ഒരേ തിരക്കഥയാണെന്നും ധ്രൂവ് രതീ വിമര്‍ശിച്ചു. ബിജെപി ഐടി സെല്‍ ഇതിന് പിന്നിലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

Tags: