അയ്യപ്പന്റെ ചിത്രമുള്ള ലഘുലേഖയുമായി ബിജെപി പ്രചാരണം; ചട്ടലംഘനമെന്ന് പരാതി

മതവികാരം ഇളക്കിവിടുന്ന വിധമുള്ള ലഘുലേഖകള്‍ ഉപയോഗിച്ച് വ്യാപക പ്രചരണം നടത്തുകയാണ് ബിജെപിയും അനുബന്ധ സംഘടനകളും. തിരുവനന്തപുരത്ത് ശബരിമല അയ്യപ്പന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ലഘുലേഖയാണ് ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത്.

Update: 2019-03-14 15:34 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റ ചട്ടം തുടക്കത്തില്‍ തന്നെ ലംഘിച്ച് ബിജെപിയും സംഘപരിവാര സംഘടനകളും. മതവികാരം ഇളക്കിവിടുന്ന വിധമുള്ള ലഘുലേഖകള്‍ ഉപയോഗിച്ച് വ്യാപക പ്രചരണം നടത്തുകയാണ് ബിജെപിയും അനുബന്ധ സംഘടനകളും. തിരുവനന്തപുരത്ത് ശബരിമല അയ്യപ്പന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ലഘുലേഖയാണ് ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത്.

മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ജാതി, മതം ഇവയുടെ വിശ്വാസങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി പ്രചാരണം നടത്തരുതെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശവും ചട്ടങ്ങളും ലംഘിച്ചാണിത്. ശബരിമല കര്‍മസമിതിയുടെ പേരിലാണ് ലഘുലേഖ. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി തിരഞ്ഞെടുപ്പു കമീഷനും മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.

മതചിഹ്നങ്ങളോ ദൈവത്തിന്റെ ചിത്രങ്ങളോ ഉപയോഗിച്ച് പ്രചാരണം നടത്തരുതെന്നാണ് തെരഞ്ഞെടുപ്പു കമീഷന്റെ ചട്ടം. അയ്യപ്പന്റെ ചിത്രത്തോടു കൂടിയുള്ള ലഘുലേഖക്കൊപ്പം നരേന്ദ്രമോദിയുടെ ചിത്രങ്ങളോടുകൂടിയ ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്.

പാലക്കാട് ബിജെപിയുടെ പേരില്‍ തന്നെയാണ് ഇത്തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തത്. ഹൈന്ദവ ആചാരാനുഷ്ടാനങ്ങളില്‍ മാത്രം താണ്ടവമാടിയ കമ്യണിസ്റ്റ് ഭീകരതക്കെതിരേ, മറക്കരുതൊരിക്കലും പൊറുക്കരുത് ഈ ക്രൂരതയെ എന്നീ തലക്കെട്ടുകളോട് കൂടി ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന ചിത്രവും പോലിസ് തടയുന്ന ചിത്രവുമൊക്കെ ഉള്‍പ്പെടുത്തിയാണ് പ്രചാരണം. ഗുരുവായൂരിലെ പാര്‍ത്ഥസാരഥീ ക്ഷേത്രം കണ്‍മുന്നില്‍ വച്ച് പിടിച്ചെടുത്തുവെന്നും ജാതി കടന്നശുദ്ധമാക്കിയ ഭൃഗുരാമ ക്ഷേത്രത്തില്‍ ശുദ്ധീകരണത്തിന്റെ കാലമാണിതെന്നും ലഘുലേഖയില്‍ പറയുന്നു. പാലക്കാട് ജില്ലാ ബൂത്ത തല സമ്പര്‍ക്കത്തിന്റെ ഭാഗമായാണ് ലഘുലേഖ വിതരണം ചെയ്തത്.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നഗ്നമായി ലംഘിച്ചാണ് ബിജെപി പ്രചാരണം നടത്തുന്നത്.  

Tags:    

Similar News