ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ഥി കാമുകനോടൊപ്പം ഒളിച്ചോടി

മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനോടൊപ്പം മുങ്ങിയത്.

Update: 2020-12-09 10:40 GMT

കണ്ണൂര്‍: ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കാമുകനോടൊപ്പം ഒളിച്ചോടിയെന്നു പരാതി. മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനോടൊപ്പം മുങ്ങിയത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയത്. ഭര്‍ത്താവിനോട് ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോവുകയാണെന്നു പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. പിന്നെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്നു മനസ്സിലായത്.

    വിവാഹത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി ഇയാളുമായി പ്രണയത്തിലായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശേഷം ഇരുവരും വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചെന്നാണ് വ്യക്തമാവുന്നത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കാതെ സ്ഥാനാര്‍ഥി മുങ്ങിയതോടെ വോട്ടര്‍മാരോട് എന്ത് പറയണമെന്ന് അറിയാതെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടിലായിരിക്കുകയാണ്. അവസാന ഘട്ട പ്രചാരണത്തിനു വീടുകള്‍ കയറിയിറങ്ങാന്‍ സ്ഥാനാര്‍ഥിയില്ലാതെ കുഴങ്ങിയിരിക്കുകയാണ്.

BJP candidate, who is married, ran away with her boyfriend

Tags: