സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകനെ ബിജെപിക്കാര്‍ ആക്രമിച്ചു

Update: 2021-03-29 02:15 GMT

കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രഫര്‍ ദിനേശിനെ കണ്ണിനു പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ഷോയ്ക്കിടെ കക്കോടി പരിസരത്ത് വച്ച് ഒരു സംഘം ബൈക്കുമായി വാഹനത്തിന് മുന്നിലേക്ക് കയറി. ഇതിനിടെ ഫോട്ടോ എടുക്കുകയായിരുന്ന ദിനേശുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. കക്കോടി മുതല്‍ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ റോഡ് ഷോ ഉണ്ടായിരുന്നത്.

    സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റോഡ് ഷോയുടെ ഫോട്ടോ എടുത്തുകൊണ്ടിരുന്ന ദിനേശിനെ ഒരു സംഘം ആളുകള്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാവണമെന്ന് ആശുപത്രിയില്‍ ദിനേശ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാനും സെക്രട്ടറി പി എസ് രാകേഷും ആവശ്യപ്പെട്ടു. തൊഴിലിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് അത്യന്തം അപലപനീയമാണ്.

    ദിനേശ് കുമാറിനെ ആക്രമിച്ചവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. ദിനേശിന് മികച്ച ചികില്‍സ ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

BJP attacked a journalist during Smriti Irani's road show

Tags:    

Similar News