ബിഷപ്പിന്റെ വിദ്വേഷ പ്രചാരണം: നടപടിയെടുക്കാന്‍ സര്‍ക്കാരിനു ഭയമെന്ന് പോപുലര്‍ ഫ്രണ്ട്

ബിഷപ്പിനെതിരേ നിരവധി പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചത്. മാത്രമല്ല, ക്രൈസ്തവ വിശ്വാസികളില്‍ ഏറിയ പങ്കും ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരേ രംഗത്തുവരികയുമുണ്ടായി. വസ്തുതകളുടെ പിന്‍ബലമില്ലാതെ സംഘപരിവാര്‍ പ്രചരിപ്പിച്ച നുണബോംബ് പാലാ ബിഷപ്പ് അതേപടി ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

Update: 2021-09-16 11:14 GMT

കോഴിക്കോട്: സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പാലാ ബിഷപ്പ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗീയതയെയാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം പോലും സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്.

ബിഷപ്പിനെതിരേ നിരവധി പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചത്. മാത്രമല്ല, ക്രൈസ്തവ വിശ്വാസികളില്‍ ഏറിയ പങ്കും ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരേ രംഗത്തുവരികയുമുണ്ടായി. വസ്തുതകളുടെ പിന്‍ബലമില്ലാതെ സംഘപരിവാര്‍ പ്രചരിപ്പിച്ച നുണബോംബ് പാലാ ബിഷപ്പ് അതേപടി ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

വര്‍ഗീയ ചേരിതിരിവിന് മനപ്പൂര്‍വം ശ്രമം നടന്നിട്ടും സര്‍ക്കാര്‍ തുടരുന്ന മൗനം വെറുപ്പിന്റെ പ്രചാരകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുമെന്നതില്‍ സംശയമില്ല. മതപ്രഭാഷണത്തിന്റെ പേരിലും ലഘുലേഖ കയ്യില്‍ വെച്ചതിന്റെ പേരിലും കേരളത്തിലെ യുവാക്കള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മൃദുസമീപനത്തിലെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയണം.

പാലാ ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പാലാ ബിഷപ്പിന്റെ പരാമര്‍ശം കേവലമൊരു നാക്കുപിഴയല്ല, കൃത്യമായ അജണ്ടയുടെ ഭാഗമായി തയ്യാറാക്കി അവതരിപ്പിച്ചതാണ്. ഇതിനെതിരേ ക്രൈസ്തവ വിശ്വാസികള്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവന്നിട്ടും തിരുത്താനോ ഖേദപ്രകടനം നടത്താനോ ബിഷപ്പ് തയ്യാറായിട്ടില്ല.

മാത്രമല്ല, ബിഷപ്പിന്റെ നുണപ്രചരണം ഏറ്റെടുത്ത് സീറോ മലബാര്‍ സഭയിലെ മറ്റുപല വൈദികരും മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്. വൈദികര്‍ തങ്ങളുടെ ആത്മീയ പ്രഭാഷണങ്ങളെ വര്‍ഗീയത വളര്‍ത്താനുള്ള വേദിയാക്കി മാറ്റുന്നത് അപകടകരമാണ്. ഇതിനെതിരേ നടപടിയെടുത്ത് സമുദായിക ഐക്യം തകരാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് അബ്ദുസ്സത്താര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News