ബലാല്‍സംഗ കേസില്‍ ഫ്രാങ്കോയുടെ കുറ്റവിമുക്തി പ്രതീക്ഷിച്ചിരുന്നു; മധുരം വിതരണം ചെയ്ത് അനുകൂലികള്‍

Update: 2022-01-14 08:47 GMT

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അനുകൂല വിധി പ്രതീക്ഷിച്ചിരുന്നതായി ഫ്രാങ്കോ മുളയ്ക്കലിന്റെ അനുകൂലികള്‍. ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയെന്ന് തൃശൂര്‍ മറ്റത്ത് നിന്നെത്തിയ ബിഷപ്പിന്റെ ബന്ധുക്കളും അവകാശപ്പെട്ടു. ബിഷപ്പ് അനുകൂലികള്‍ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തു. ഞങ്ങളുടെ പിതാവിന് നീതി ലഭിച്ചുവെന്നായിരുന്നു ഇവരുടെ പ്രതികരണം.

ഇതുണ്ടാക്കിയെടുത്ത കേസെന്നായിരുന്നു അഭിഭാഷകന്റെയും പ്രതികരണം. വിധി വന്ന ഉടന്‍ തന്നെ ജലന്ധര്‍ രൂപതയുടെ പ്രത്യേക പത്രക്കുറിപ്പും പുറത്ത് വന്നു.


നാളിത് വരെ ഫ്രാങ്കോയുടെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും വേണ്ട നിയമസഹായം ചെയ്തു കൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായിരുന്നു ജലന്ധര്‍ രൂപതയുടെ പ്രതികരണം. അച്ചടിച്ച് തയ്യാറാക്കിയ കുറിപ്പായിരുന്നു ഇത്. വിധി അനുകൂലമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജലന്ധര്‍ രൂപത.

കോടതിക്ക് സത്യം ബോധ്യപ്പെട്ടുവെന്നും വിധി പകര്‍പ്പ് വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നുമാണ് രൂപത അറിയിക്കുന്നത്. കേസ് വന്നതിന് ശേഷം ബിഷപ്പിനെ കണ്ടപ്പോഴൊക്കെ ബിഷപ്പ് തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Tags:    

Similar News