പക്ഷിപ്പനി: പരപ്പനങ്ങാടിയില്‍ പക്ഷികളെ പിടികൂടി തുടങ്ങി; കണ്ട് നില്‍ക്കാനാവാതെ വീട്ടുകാര്‍

രോഗം കണ്ടത്തിയ പ്രദേശത്തിന്റെ ഒരു കി.മി ചുറ്റളവില്‍ വീടുകളിലെത്തി കോഴി താറാവ്, പ്രാവുകള്‍, അലങ്കാര പക്ഷികള്‍ എന്നിവയെ കഴുത്ത് ഞെരിച്ചാണ് കൊല്ലുന്നത്.

Update: 2020-03-14 04:21 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: പക്ഷിപ്പനി കണ്ടത്തിയ പരപ്പനങ്ങാടി പാലതിങ്ങലില്‍ വളര്‍ത്തു പക്ഷികളെ പിടികൂടി തുടങ്ങി. ഇന്ന് രാവിലെ ഗ്രൂപ്പ്കളായി തിരിഞ്ഞ് പ്രത്യേക സുരക്ഷ കവചം അണിഞ്ഞാണ് ഉദ്യോഗസ്ഥ സംഘങ്ങള്‍ വളര്‍ത്തു പക്ഷികളെ പിടികൂടി കൊല്ലുന്നത്. രോഗം കണ്ടത്തിയ പ്രദേശത്തിന്റെ ഒരു കി.മി ചുറ്റളവില്‍ വീടുകളിലെത്തി പക്ഷികളെ കൊല്ലുകയാണ്. കോഴി താറാവ്, പ്രാവുകള്‍, അലങ്കാര പക്ഷികള്‍ എന്നിവയെ കഴുത്ത് ഞെരിച്ചാണ് കൊല്ലുന്നത്. ഓമനപക്ഷികളെ കൊല്ലുന്നത് നോക്കിനില്‍ക്കാനാവാത്ത അവസ്ഥയാണെന്ന് വീട്ടുകാര്‍ പറയുന്നു.


ചൂട് കാലങ്ങളില്‍ സാധാരണ പക്ഷികള്‍ക്ക് വരാറുള്ള കോഴി വസന്ത എന്ന രോഗമാണിതെന്നും, ഇപ്പോള്‍ പക്ഷിപ്പനിയെന്ന പേരായ് മാറിയതെന്നും പഴമക്കാര്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. അനാവശ്യ ഭീതി പരത്തി രോഗമില്ലാത്ത പക്ഷികളെ എന്തിന് കൊല്ലുന്നുവെന്നും, ശാസ്ത്രം പുരോഗമിച്ചിട്ടും പക്ഷികളുടെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയാത്തത് വിചിത്രമാണന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍, രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്നും കൂടുതല്‍ ഇടങ്ങളിലേക്ക് രോഗം പടരാതിരിക്കാനാണ് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലുന്നതെന്നും ഉദ്യോഗസ്ഥ സംഘം നാട്ടുകാരെ അറിയിച്ചു. പലരുടേയും കണ്ണീര് കണ്ടിട്ടും ഹൃദയവേദനയോടെ കൊല്ലുമ്പോള്‍ തങ്ങളുടെ അവസ്ഥ കവചത്തിനുള്ളിലായത് കൊണ്ടാണ് കാണാന്‍ കഴിയാത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തൊട്ടടുത്ത പ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥ സംഘത്തിന് വഴികാട്ടിയായി ഉണ്ട്.


Tags: