ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗലൂരുവിലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

Update: 2020-11-07 03:10 GMT

ബംഗലൂരു: ബിനീഷ് കോടിയേരിയുടെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗലൂരുവിലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ എട്ടു ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തു വരികയാണ്.

കേരളത്തിലെ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിക്കും.

രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി 9 ദിവസമാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. ബിനീഷിന്റെ വീട്ടില്‍ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡില്‍ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. ബിനീഷിന്റെ ബിനാമികളെന്നു കണ്ടെത്തിയവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസയച്ചിരുന്നുവെങ്കിലും ആരും ഹാജരായിട്ടില്ല.

ലഹരി കേസില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സ്വീകരിക്കുന്ന നിലപാടും ബിനീഷിന് നിര്‍ണായകമാണ്. ലഹരി മരുന്ന് ഉപയോഗിച്ചെന്നും, ലഹരി ഇടപാടിന് സാമ്പത്തിക സഹായം നല്‍കി എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരെ എന്‍സിബി കേസെടുത്തേക്കും. ബിനീഷിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയേറെയാണ്. ബിനീഷിന്റെ ബംഗലൂരുവിലെ ബിനാമി ഇടപാടുകളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News