ബിഹാറില്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി; 78 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും

സ്പീക്കര്‍ വിജയകുമാര്‍ ചൗധരി, 12 മന്ത്രിമാര്‍, തുടങ്ങി 1204 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

Update: 2020-11-07 04:00 GMT

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 19 ജില്ലകളിലെ 78 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഏറെ സ്വാധീനമുള്ള കോസി-സീമാഞ്ചല്‍ മേഖലയിലും ഇന്നാണ് വോട്ടെടുപ്പ്. സ്പീക്കര്‍ വിജയകുമാര്‍ ചൗധരി, 12 മന്ത്രിമാര്‍, തുടങ്ങി 1204 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ബിഹാറില്‍ ആകെയുള്ള 243 മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ 71ലും രണ്ടാം ഘട്ടത്തില്‍ 94 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. ഈ മാസം 10 നാണ് വോട്ടെണ്ണല്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാകും പോളിങ്. മഹാസഖ്യത്തിനും എന്‍ഡിഎയ്ക്കും പുറമേ, ഉപേന്ദ്രകുശ്വാഹയുടെ നേതൃത്വത്തിലുള്ള മഹാ ജനാധിപത്യ മതേതര മുന്നണി, മുന്‍ ലോക്സഭാ എംപിയും ജന്‍ അധികാര്‍ പാര്‍ട്ടി നേതാവുമായ പപ്പുയാദവിന്റെ നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യം എന്നിവയും മൂന്നാം ഘട്ടത്തിലും മത്സരരംഗത്തുണ്ട്.

ജെഡിയു നേതാവ് ബൈദ്യനാഥ് മഹാതോയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ബിഹാറിലെ വാത്മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. അദ്ദേഹത്തിന്റെ മകന്‍ സുനില്‍കുമാറിനെയാണ് ജെഡിയു സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പര്‍വേഷ് കുമാര്‍ മിശ്രയാണ് മണ്ഡലത്തിലെ പ്രധാന എതിരാളി.

Tags:    

Similar News