കമാല്‍ മൗല മസ്ജിദ്: സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

Update: 2024-04-01 10:13 GMT
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. കമാല്‍ മൗല മസ്ജിദ് കോംപ്ലക്‌സില്‍ എഎസ്‌ഐ സര്‍വേ നടത്താന്‍ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേയാണ് മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും മധ്യപ്രദേശ് സര്‍ക്കാരിനും എഎസ്‌ഐയ്ക്കും നോട്ടീസ് അയച്ചിരുന്നു.

    സര്‍വേ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നായിരുന്നു സുപ്രിം കോടതി ഇടക്കാല നിര്‍ദേശം പുറപ്പെടുവിച്ചത്. അതേസമയം, സമുച്ചയത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ ഭൗതിക ഖനനം നടത്തരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

    കമാല്‍ മൗലാ മസ്ജിദ് ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്നു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയായ മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഭോജ്ശാലയില്‍ ദിവസവും പ്രാര്‍ഥന നടത്തുന്നത് 2003ല്‍ എഎസ്‌ഐ വിലക്കിയിരുന്നു. ഇത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ഇതിനുപുറമെ, കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭോജ്ശാല നിലവില്‍ എഎസ്‌ഐ നിയന്ത്രണത്തിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. 2003ലെ എഎസ്‌ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജയും ഇതിനോടു ചേര്‍ന്നുള്ള കമാല്‍ മൗല മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.

Tags: