രാഷ്ട്രീയ പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്; മായാവതിക്ക് വെല്ലുവിളി ഉയര്‍ത്തി 'ആസാദ് സമാജ് പാര്‍ട്ടി'; പ്രഖ്യാപനം കാന്‍ഷി റാമിന്റെ ജന്‍മദിനത്തില്‍

കാന്‍ഷിറാമിന്റെ പൂര്‍ത്തിയാവാത്ത ദൗത്യം ആസാദ് സമാജ് പാര്‍ട്ടിയിലൂടെ പൂര്‍ത്തീകരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപനത്തിനു പിന്നാലെ ആസാദ് ട്വീറ്റ് ചെയ്തു.

Update: 2020-03-15 13:24 GMT

ലക്‌നോ: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവും ബിഎസ്പി സ്ഥാപകനുമായ കാന്‍ഷി റാമിന്റെ ജന്‍മദിനത്തിലാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് രാഷ്ട്രീയ കക്ഷിയുടെ പേര്. നോയിഡ സെക്ടര്‍ 70ലെ ബസായി ഗ്രാമത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പാര്‍ട്ടി പ്രഖ്യാപനം. കാന്‍ഷിറാമിന്റെ പൂര്‍ത്തിയാവാത്ത ദൗത്യം ആസാദ് സമാജ് പാര്‍ട്ടിയിലൂടെ പൂര്‍ത്തീകരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപനത്തിനു പിന്നാലെ ആസാദ് ട്വീറ്റ് ചെയ്തു.

ഈ മാസാദ്യം സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) പ്രസിഡന്റ് ഓം പ്രകാശ് രാജ്ബറുമായി ആസാദ് കൂടിക്കാഴ്ച നടത്തുകയും 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ മുന്നണിയുടെ രൂപീകരണ സൂചന നല്‍കുകയും ചെയ്തിരുന്നു.

മായാവതിജിക്ക് എല്ലാം സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അവള്‍ വളരെക്കാലമായി അവര്‍ പ്രവര്‍ത്തിച്ച് വരുന്നു. അതുകൊണ്ടാണ് തങ്ങള്‍ മുന്നോട്ട് വന്നത്. രാഷ്ട്രീയത്തില്‍, ആരും ദീര്‍ഘകാല ശത്രുക്കളല്ല, അവരുടെ അനുഗ്രഹത്താല്‍ നമുക്ക് അധികാരത്തിലെത്താം എന്നും ബിഎസ്പി നേതാവ് മായാവതിയെ പരാമര്‍ശിച്ച് ആസാദ് പറഞ്ഞു.ഭീം ആര്‍മി ഇനിമുതല്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ദേശീയ പൗരത്വ രജിസ്റ്ററിനും, പൗരത്വ ഭേദഗതിക്കും എതിരായ സമരമുഖത്ത് ശക്തമായി നിലനില്‍ക്കുന്ന സംഘടനയാണ് ഭീം ആര്‍മി. ഭീം ആര്‍മി രാഷ്ട്രീ പാര്‍ട്ടി ആകുന്നതോടെ മായവതിയുടെ ബിഎസ്പിയിലുള്ള വലിയ ഒരുവിഭാഗം ആസാദിനൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍. ആസാദിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മായാവതി നേരത്തെ തന്നെ രംഗത്തുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യമെമ്പാടും സംഘടനയെ ശക്തിപ്പെടുത്താനാണ് ആസാദിന്റെ തീരുമാനം.

Tags:    

Similar News