'ക്രിസ്ത്യന്‍ സമൂഹം ചതിക്കപ്പെട്ടു'; ബിജെപി സര്‍ക്കാരിനെതിരേ ആര്‍ച്ച് ബിഷപ്പ്

Update: 2022-05-19 14:48 GMT

ബംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ഓര്‍ഡിന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമൂഹം. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ചതിക്കപ്പെട്ടതു പോലെ തോന്നുന്നെന്നും ബംഗ്‌ളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മസാദൊ പറഞ്ഞു.'വിദ്യാഭ്യാസം, ആരോഗ്യ മേഖല, തുടങ്ങി സാമൂഹിക മേഖലകളില്‍ എല്ലാ സമുദായത്തിനായി നിസ്വാര്‍ത്ഥ സേവനങ്ങള്‍ നടത്തുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങള്‍ പരിഗണിക്കാത്തത് ചതിക്കപ്പെട്ടത് പോലെ തോന്നിക്കുന്നു,' ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ബില്‍ അപ്രസ്‌കതവും ദുരുദ്ദേശ്യപരവുമാണെന്നും ക്രിസ്ത്യാനികളെ മറ്റ് മത ന്യൂനപക്ഷങ്ങളില്‍ നിന്ന് വേര്‍പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവര്‍ത്തിച്ച് പറഞ്ഞതാണ്. ബില്‍ ഗവര്‍ണറുടെ അനുമതിക്കായി അയച്ചുവെന്നറിഞ്ഞപ്പോള് ഞങ്ങളുടെ പ്രതിനിധി സംഘം അദ്ദേഹത്തെ കാണുകയും സമ്മതം നല്‍കരുതെന്ന് അദ്ദേഹത്തോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തതാണ്. നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വരാതിരിക്കാന്‍ ജനാധിപത്യപരമായ വഴികള്‍ തേടുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സിന് കര്‍ണാടക ഗവര്‍ണറുടെ അനുമതി ലഭിച്ചത്. മതപരിവര്‍ത്തനം തടയലാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യം വെക്കുന്നത്. തെറ്റിദ്ധരിപ്പിക്കല്‍, ബല പ്രയോഗം, വഞ്ചനാപരമായ മാര്‍ഗങ്ങള്‍, വിവാഹം വാഗ്ദാനം, മറ്റ് സ്വാധീനങ്ങള്‍ തുടങ്ങിയവയിലൂടെ മതപരിവര്‍ത്തനം ചെയ്യുന്നത് ബില്‍ തടയുന്നു. ജനറല്‍ വിഭാഗത്തിലുള്‍പ്പെട്ട സമുദായക്കാരെ മതം മാറ്റിയാല്‍ 3 മുതല്‍ 5 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും എസ് സി, എസ് ടി വിഭാഗത്തില്‍ നിന്നുള്ളവരെ മതം മാറ്റിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

ഇതിനു പിന്നാലെ കര്‍ണാടകയില്‍ മലയാളി ദമ്പതികള്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍ (62) എന്ന പാസ്റ്ററും അദ്ദേഹത്തിന്റെ ഭാര്യ സലേനമ്മ (57) യുമാണ് അറസ്റ്റിലായത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് കേസ്. കുടക് ജില്ലയില്‍ കാപ്പിത്തോട്ട തൊഴിലാളികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.നിലവില്‍ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി ആരോപിച്ച് ഐപിസി സെക്ഷന്‍ 295 (അ) പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുക്കുകയാണെങ്കില്‍ ഇരുവര്‍ക്കുമെതിരെ സംസ്ഥാനത്തെ പുതിയ മതപരിവര്‍ത്ത വിരുദ്ധ നിയമ പ്രകാരം കേസെടുക്കുമെന്ന് കുട്ട പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News