ബംഗാള്‍ ചീഫ് സെക്രട്ടറി വിരമിച്ചു; ഇനിമുതല്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ്; മമതയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി കേന്ദ്രം

ഡല്‍ഹിയിലേക്ക് തിരിച്ചു വിളിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നന്ദ്രേ മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം

Update: 2021-06-01 01:10 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു. ഇനിമുതല്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരും. ഡല്‍ഹിയിലേക്ക് തിരിച്ചു വിളിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നന്ദ്രേ മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. നിലവിലെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്ന് മമത കത്തില്‍ വ്യക്തമാക്കിയിരുന്നു.

ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തിന് ഡല്‍ഹിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കിയിരുന്നു. ബന്ദോപാധ്യയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് മമതയുടെ നിര്‍ണായക നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ നിന്ന് മമതയും ചീഫ് സെക്രട്ടറിയും പെട്ടെന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.

Tags: