ബംഗ്ലാദേശില്‍ സ്‌ഫോടനം; ബഹുനില കെട്ടിടം തകര്‍ന്ന് ഏഴ് മരണം, 50 പേര്‍ക്ക് പരിക്ക്

Update: 2021-06-28 03:18 GMT

ധക്ക: ബംഗ്ലാദേശില്‍ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹുനില വാണിജ്യകെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ധക്കയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് വ്യക്തമല്ല. അപകടത്തിന്റെ ആഘാതത്തില്‍ രണ്ട് ബസ്സുകളും പൂര്‍ണമായി തകര്‍ന്നതായി ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ 29 പേരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും 10 പേരെ ഷെയ്ഖ് ഹസീന നാഷനല്‍ ബേണ്‍ ആന്റ് പ്ലാസ്റ്റിക് ഇന്‍സ്റ്റിറ്റിയൂട്ടിലും പ്രവേശിപ്പിച്ചു. മറ്റ് പരിക്കേറ്റവരെ മഗ്ബസാര്‍ പ്രദേശത്തെ നിരവധി ആശുപത്രികളിലേക്ക് മാറ്റി.

തകര്‍ന്നുകിടക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഫയര്‍ സര്‍വീസ് ആന്റ് സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ (ധക്ക സോണ്‍) ദേബാഷിഷ് ബര്‍ദാന്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ധക്ക മെട്രോപൊളിറ്റന്‍ പോലിസ് (ഡിഎംപി) കമ്മീഷണര്‍ ഷഫിക്കുല്‍ ഇസ്‌ലാം സ്ഥിരീകരിച്ചു. കെട്ടിടത്തിലെ സ്‌ഫോടനത്തിന് കാരണമായ അട്ടിമറി സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമീപത്തെ നിരവധി കെട്ടിടങ്ങളുടെയും ഷോപ്പിങ് മാളുകളുടെയും ഗ്ലാസ് വിന്‍ഡോകള്‍ മൂന്ന് നില കെട്ടിടത്തിന് പുറത്ത് റോഡില്‍ കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് അധികൃതര്‍ ആദ്യം സംശയിച്ചിരുന്നുവെങ്കിലും സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അറിവായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അടുത്തുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു റെസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടറുകളും മുകളിലത്തെ ഒരു ഷോറൂമില്‍ എയര്‍കണ്ടീഷണറുകളുമുണ്ടായിരുന്നു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ചു.

Tags:    

Similar News