ഗുജറാത്തില്‍ ഹിന്ദുക്കള്‍ മാത്രമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബജ്‌റംഗ്ദള്‍

Update: 2022-03-18 14:48 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹിന്ദുക്കള്‍ മാത്രമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഗുജറാത്തില്‍ നടക്കുന്ന അംഗത്വ കാംപയിന്റെ ഭാഗമായാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദാബാദ് ഉള്‍പ്പെടെ വടക്കന്‍ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മെയ് മാസത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുമെന്ന് വിഎച്ച്പിയുടെ മുന്‍നിര സംഘടനയായ ബജ്‌റംഗ്ദള്‍ അറിയിച്ചു. 'അഹമ്മദാബാദിലെയും മറ്റ് നഗരങ്ങളിലെയും വിവിധ പ്രാദേശിക തലത്തിലുള്ള ക്രിക്കറ്റ് ടീമുകളുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ബജ്‌റംഗ് ദള്‍ വടക്കന്‍ ഗുജറാത്തില്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ടീമിലെ എല്ലാ കളിക്കാരും ഹിന്ദുക്കളാകണം എന്ന വ്യവസ്ഥയിലാണ് ടീമുകളെ ക്ഷണിക്കുക'. വടക്കന്‍ ഗുജറാത്തിലെ ബജ്‌റംഗ് ദള്‍ പ്രസിഡന്റ് ജ്വാലിത് മേത്ത പറഞ്ഞു.

ഗുജറാത്തില്‍ ബജ്‌റംഗ്ദള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മെംബര്‍ഷിപ്പ് കാംപയിന്‍ നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം. സബര്‍കാന്തയിലെ ഹിമ്മത്‌നഗറില്‍ നടന്ന ചടങ്ങില്‍ 2,600 യുവാക്കള്‍ക്ക് 'ത്രിശൂല്‍ ദീക്ഷ' നല്‍കി. വിധാന്‍സഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെ, വലതുപക്ഷ സംഘടന അതിന്റെ കേഡര്‍ അണിനിരത്തുകയും സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്ന് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു.

അതിനിടെ, ചൊവ്വാഴ്ച അഹമ്മദാബാദിലെ സര്‍ഖേജിലുള്ള ശ്രീ ഭാരതി ആശ്രമത്തില്‍ വിഎച്ച്പി 'സന്ത് സമ്മേളനം' സംഘടിപ്പിച്ചു. പുതിയ അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ പ്രമുഖ വിഎച്ച്പി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. 'വിഎച്ച്പിയുടെ 'കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല'ത്തിന്റെ നിര്‍ദ്ദേശപ്രകാരം, ഞങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട സന്യാസിമാര്‍ ഹിന്ദു ക്ഷേത്രങ്ങളുടെയും മറ്റ് മതസ്ഥാപനങ്ങളുടെയും മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം നീക്കം ചെയ്യുന്നതിനുള്ള നിയമം കൊണ്ടുവരിക, ഗോശാലകള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും നികുതി ഇളവ് തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 'ജാതി അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കുക, മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്ര നിയമം കൊണ്ടുവന്ന് എസ്‌സി/എസ്ടി വിഭാഗങ്ങളില്‍ നിന്ന് മതം മാറിയവരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കാനും തീരുമാനിച്ചു'. വിഎച്ച്പി വക്താവ് ഹിതേന്ദ്രസിങ് രജ്പുത് പറഞ്ഞു.

Tags:    

Similar News