ബാബരി വിധി: പോപുലര്‍ ഫ്രണ്ട് ജസ്റ്റിസ് കോണ്‍ഫറന്‍സ് ഡിസംബര്‍ 13ന് കോഴിക്കോട്ട്

ബാബരി വിഷയത്തില്‍ നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരും. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദേശവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീരുമാനം.

Update: 2019-11-29 18:17 GMT

കോഴിക്കോട്: ബാബരി മസ്ജിദ് കേസിലെ നീതി നിഷേധത്തിനെതിരേ ഡിസംബര്‍ 13ന് കോഴിക്കോട്ട് ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഡിസംബര്‍ ആദ്യവാരം സംസ്ഥാനതലത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

    ബാബരി വിഷയത്തില്‍ നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരും. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദേശവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീരുമാനം. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. നീതിബോധത്തെ കുറിച്ചുള്ള സാമാന്യതത്വങ്ങള്‍ പോലും പാലിക്കാത്ത അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ബാബരി വിധിയിലെ അനീതിക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. ഈ വിഷയം ജനങ്ങളുമായി സംവദിക്കാനാണു സംഘടനയുടെ തീരുമാനം. മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിന്റെ നാള്‍വഴികളിലുടനീളം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്ാണ് രാജ്യത്തെ മുസ്‌ലിം സമൂഹം നിലപാടെടുത്തിട്ടുള്ളത്. അതേസമയം, രാമജന്‍മഭൂമി പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിച്ച് ഇന്ത്യന്‍ തെരുവുകളെ കലാപഭൂമിയാക്കിയ സംഘപരിവാര, ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് വിഭാഗീയതയും വിദ്വേഷവും പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്.

    1949ല്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചുകയറി വിഗ്രഹം സ്ഥാപിച്ചതും 1992ല്‍ ആസൂത്രിതമായി പള്ളി തകര്‍ത്തതും ഇത്തരം ആക്രമണോല്‍സുക മാര്‍ഗത്തിന്റെ ഭാഗമായാണ്. ഇവയെ രാജ്യമൊന്നടങ്കം തള്ളിപ്പറഞ്ഞിട്ടുള്ളതും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് കോടതിതന്നെ അന്തിമവിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നിട്ടും കോടതിവിധിയില്‍ വിശ്വാസമര്‍പ്പിക്കുകയും അവധാനതയോടെ പ്രശ്‌നത്തെ സമീപിക്കുകയും ചെയ്ത വിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണുണ്ടായത്. നൂറ്റാണ്ടുകളായി രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലയില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിന് നിയമപരമായ പരിഹാരമാണ് മുസ് ലിം സമൂഹം ആഗ്രഹിച്ചത്. സുപ്രിംകോടതി വിധിയെ അംഗീകരിക്കുമെന്ന് എല്ലാ മുസ്‌ലിം സംഘടനകളും ഏകസ്വരത്തില്‍ നിലപാടെടുത്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം, കോടതിയുടെ തീര്‍പ്പ് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാവണമെന്ന കാഴ്ചപ്പാട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമാന്യ നീതീബോധത്തെ കുറിച്ചുള്ള ഇത്തരം ധാരണകളെ തിരുത്തുന്ന സമീപനമാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്.

    വസ്തുതകള്‍ക്കും തെളിവുകള്‍ക്കും പകരം ഒരു വിഭാഗത്തിന്റെ വിശ്വാസ, വൈകാരിക തലങ്ങളെ മാത്രം ഏകപക്ഷീയമായി കോടതി കണക്കിലെടുക്കുകയായിരുന്നു. നൂറ്റാണ്ടുകളായി പള്ളിയില്‍ മുസ് ലിംകള്‍ ആരാധന നിര്‍വഹിച്ചിരുന്നുവെന്നും ബ്രിട്ടീഷ്‌കാലം മുതലുള്ള സര്‍ക്കാര്‍ രേഖകളില്‍ അത് പള്ളിയായിരുന്നുവെന്നും ക്ഷേത്രം തകര്‍ത്തല്ല പള്ളി പണിതതെന്നും മറ്റുമുള്ള രേഖകളും വസ്തുതകളും അന്തിമവിധിയില്‍ അവഗണിക്കപ്പെട്ടു. മറിച്ച് ഭൂരിപക്ഷ വിഭാഗങ്ങളുടെ മേധാവിത്വത്തിനും അവര്‍ ഉയര്‍ത്തുന്ന സാമൂഹികസമ്മര്‍ദ്ദങ്ങള്‍ക്കും മറ്റുള്ളവര്‍ വഴങ്ങിക്കൊടുക്കണമെന്ന പരോക്ഷമായ വ്യാഖ്യാനമാണ് കോടതിവിധിയില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന തെറ്റായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതും ന്യൂനപക്ഷ, ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട സാമൂഹിക പരിഗണനകള്‍ നിഷേധിക്കപ്പെടുന്നതുമാണ്. ബോധപൂര്‍വം ഭീതിയുടെയും പരിഭ്രാന്തിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വിധിക്കെതിരായ വിയോജിപ്പുകളെ നിശബ്ദമാക്കി, രാജ്യം വിധിയെ അംഗീകരിച്ചെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഭരണകൂടം നടത്തിയ ഗൂഢശ്രമം ഗൗരവതരമാണ്. ബാബരി മസ്ജിദിന് പുറമേ, പുരാതനമായ 3000ത്തിലേറെ പള്ളികള്‍ക്കു മേലുള്ള ഹിന്ദുത്വ അവകാശവാദങ്ങളെ ശക്തിപ്പെടുത്താന്‍ സുപ്രിം കോടതി വിധി വഴിയൊരുക്കും. അതുകൊണ്ടു തന്നെ ബാബരി വിധിയിലെ നീതി നിഷേധം തിരുത്തപ്പെടേണ്ടത് ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിനും ന്യൂനപക്ഷ വിഭാഗങ്ങളുടെ പരിരക്ഷയ്ക്കും അനിവാര്യമാണ്. റിവ്യു ഹരജി അടക്കമുള്ള നിയമപോരാട്ടങ്ങള്‍ക്കൊപ്പം ബാബരിയുടെ നീതിക്കു വേണ്ടിയുള്ള ജനാധിപത്യ ശബ്ദങ്ങള്‍ സജീവമായി സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ക്കു കീഴൊതുങ്ങുന്നുവെന്ന തോന്നല്‍ പോലും ജനാധിപത്യ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം സി എ റഊഫ് സംബന്ധിച്ചു.




Tags:    

Similar News