ബാബരി വിധി ഇന്ത്യന്‍ ജുഡീഷ്യറിക്ക് മാനക്കേട്: പിഡിപി

വിധിയുടെ ഓരോ പരാമര്‍ശങ്ങളും നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്.

Update: 2020-09-30 10:43 GMT

കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നും വിധി പ്രസ്താവിച്ച ലഖ്നോ കോടതി വിധി ഇന്ത്യന്‍ ജുഡീഷ്യറിക്ക് മാനക്കേടാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. സംഘപരിവാര്‍ ബാബരി മസ്ജിദ് മാത്രമല്ല, ഇന്ത്യന്‍ ജുഡീഷ്യറിയെയും പിച്ചിച്ചീന്തിയതിന്റെ നേര്‍സാക്ഷ്യമാണ് ഈ കോടതി വിധി. വിധിയുടെ ഓരോ പരാമര്‍ശങ്ങളും നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്.

രാജ്യമെങ്ങും മുന്‍കൂട്ടിയുള്ള പൊതു ആഹ്വാനത്തിലൂടെ കുറ്റകൃത്യം നടത്താന്‍ ബിജെപിയും സംഘപരിവാരശക്തികളും നടത്തിയ ബാബരി മസ്ജിദ് തകര്‍ക്കല്‍ തെറ്റാണെന്ന സുപ്രിംകോടതിയുടെ വിധി പ്രസ്താവന നിലനില്‍ക്കെ തന്നെയാണ് തകര്‍ത്ത കേസിലെ പ്രതികള്‍ കുറ്റക്കാരല്ലെന്ന ലഖ്നോ കോടതി വിധിയെന്നതിനാല്‍ വിധി അംഗീകരിക്കാവുന്നതല്ല.

ബാബരി തകര്‍ച്ചയ്ക്കായി മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും സര്‍വായുധ സജ്ജരായ അക്രമികളെ ഒരുമിച്ചുകൂട്ടി പദ്ധതി ആസൂത്രണം നടത്തിയവര്‍ അക്രമം തടയാന്‍ നേതൃത്വം കൊടുക്കുകയായിരുന്നുവെന്ന കണ്ടെത്തല്‍ നിയമവ്യവസ്ഥയെ പരസ്യമായി വ്യഭിചരിക്കുന്നതും ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതുമാണെന്നും പിഡിപി ചൂണ്ടിക്കാട്ടി.

Tags: