ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി: അയോധ്യയിലും കോടതി പരിസരത്തും കര്‍ശന സുരക്ഷ

വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലും കോടതിയുടെ പരിസരത്തും സുരക്ഷ ശക്തമാക്കി. അയോധ്യയിലും മറ്റും കൂടുതല്‍ പോലിസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.

Update: 2020-09-30 04:00 GMT

ന്യൂഡല്‍ഹി:ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ കോടതിയുടെ സുപ്രധാന വിധി ഇന്ന് പറയാനിരിക്കെ മസ്ജിദ് നിലനിന്ന അയോധ്യയിലും സുപ്രിം കോടതി പരിസരത്തും സുരക്ഷ കര്‍ശനമാക്കി.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാമന്ത്രിയുമായ എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മറ്റ് പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതികളായിട്ടുള്ള കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിന്റെ വിചാരാണ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

32 പ്രതികളുള്ള കേസില്‍ എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്രായധിക്യവും കൊവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അദ്വാനി അടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണ് സൂചന. അതേസമയം, കൊവിഡ് ബാധിച്ച് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഉമാഭാരതി മാത്രമെ എത്തില്ലെന്ന് അറിയിച്ചിട്ടുള്ളുവെന്ന് കോടതി വൃത്തങ്ങള്‍ പറയുന്നു.

വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലും കോടതിയുടെ പരിസരത്തും സുരക്ഷ ശക്തമാക്കി. അയോധ്യയിലും പരിസരത്തും കൂടുതല്‍ പോലിസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള ജില്ലകള്‍ പരിശോധിച്ച് അവിടെങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാന്‍ നിര്‍ദേശമുണ്ട്. സാമൂഹിക മാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാന്‍ നിര്‍ദേശമുണ്ട്.

Tags:    

Similar News