ബാബരി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് തീരുമാനം സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട്

പുനപ്പരിശോധനാ ഹരജി നല്‍കാനും അഞ്ചേക്കര്‍ ഭൂമി നിരസിക്കാനും തീരുമാനമെടുത്തതിലൂടെ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഇന്ത്യന്‍ മുസ്‌ലിം സമുദായത്തിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും വികാരം പ്രതിഫലിപ്പിക്കുക മാത്രമല്ല, രാജ്യത്തോടുള്ള ചരിത്രപരമായ ഒരു കടമയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Update: 2019-11-17 17:41 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കാനും പകരം അഞ്ചേക്കര്‍ ഭൂമി വാഗ്ദാനം നിരസിക്കാനുമുള്ള ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ തീരുമാനത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം സ്വാഗതം ചെയ്തു. ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ നിര്‍ദേശിച്ച സുപ്രിംകോടതി വിധി നീതിയെ പരിഹസിക്കലും മുസ്‌ലിംകളോടുള്ള വിവേചനവും ഭരണഘടനാ തത്വങ്ങള്‍ക്കേറ്റ കനത്ത ആഘാതവുമായിരുന്നു. മനസ്സാക്ഷിയുള്ള ഒരു പൗരനും സുപ്രിംകോടതിയില്‍നിന്നുണ്ടായ അത്തരമൊരു ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ല.

പുനപ്പരിശോധനാ ഹരജി നല്‍കാനും അഞ്ചേക്കര്‍ ഭൂമി നിരസിക്കാനും തീരുമാനമെടുത്തതിലൂടെ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഇന്ത്യന്‍ മുസ്‌ലിം സമുദായത്തിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും വികാരം പ്രതിഫലിപ്പിക്കുക മാത്രമല്ല, രാജ്യത്തോടുള്ള ചരിത്രപരമായ ഒരു കടമയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനമെടുത്ത മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ യോഗം അഭിനന്ദിച്ചു. ബോര്‍ഡിന്റെ യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ടും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന ഉന്നതമായ വേദിയാണ് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്. അവരുടെ തീരുമാനങ്ങള്‍ക്ക് മറ്റേതൊരു വ്യക്തിയുടെയോ സംഘടനയുടെയോ അഭിപ്രായങ്ങളേക്കാള്‍ മൂല്യമുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

എന്‍ഇസി യോഗത്തില്‍ സുപ്രിംകോടതി വിധിന്യായത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വന്തം കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ന്യായമായ തീരുമാനത്തിലെത്താന്‍ സുപ്രിംകോടതി പരാജയപ്പെട്ടത് വിചിത്രമാണെന്ന് യോഗം വിലയിരുത്തി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രശസ്തിയെയും വിശ്വാസ്യതയെയും വിധി സാരമായി ബാധിക്കും. നഷ്ടപ്പെട്ട വിശ്വാസ്യത പുനസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം സുപ്രിംകോടതിയില്‍തന്നെ നിക്ഷിപ്തമാണ്. സുപ്രിംകോടതി രാഷ്ട്രീയവിധിയാണ് പുറപ്പെടുവിച്ചതെന്നും ലജ്ജയില്ലാത്ത നീതിനിഷേധമാണുണ്ടായതെന്നുമുള്ള അഭിപ്രായം പോപുലര്‍ഫ്രണ്ട് ആവര്‍ത്തിച്ചു.

അനീതിക്കെതിരേ തുടര്‍ന്നും സംസാരിക്കണമെന്നും ജനാധിപത്യപരവും സമാധാനപരവുമായ പരിപാടികളിലൂടെ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ സജീവമായി നിലനിര്‍ത്തണമെന്നും യോഗം ജനങ്ങളോട് ആവശ്യപ്പെട്ടു. ബാബരി മസ്ജിദിന് നീതി പുനസ്ഥാപിച്ചുകിട്ടുംവരെയുള്ള പോരാട്ടങ്ങളില്‍ പോപുലര്‍ ഫ്രണ്ട് മുന്‍പന്തിയിലുണ്ടാവുമെന്ന പ്രതിജ്ഞ എന്‍ഇസി യോഗം ഒരിക്കല്‍കൂടി പുതുക്കി. ഭാരവാഹികളായ ഒഎംഎ സലാം, എം മുഹമ്മദ് അലി ജിന്ന, അനീസ് അഹമ്മദ്, പ്രഫ.പി കോയ, ഇ എം അബ്ദുര്‍റഹ്മാന്‍, കെ എം ശരീഫ്, എ എസ് ഇസ്മായില്‍, നാസറുദ്ദീന്‍ എളമരം, മുഹമ്മദ് ഇസ്മായില്‍, മുഹമ്മദ് സാക്വിബ്, അഫ്‌സര്‍ പാഷ, കരമന അഷ്‌റഫ് മൗലവി, കെ സദാത്ത്, അഡ്വ. മുഹമ്മദ് യൂസഫ്, യാ മൊയ്ദീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News