രാജ്യദ്രോഹക്കേസ്: പോലിസ് വാദം തള്ളി ഐഷ സുല്‍ത്താന; മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു
ഫോണിലെ വാട്‌സ് അപ്പ് സന്ദേശങ്ങള്‍ താന്‍ മായ്ച്ചു കളഞ്ഞിട്ടില്ല.തനിക്ക് യാതൊന്നും മറച്ചു വെയ്ക്കാനില്ല.തന്റെ ഫോണും ലാപ് ടോപ്പും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനുള്ള സാധ്യത കാണുന്നുവെന്നും ഐഷ സുല്‍ത്താന മറുപടി സത്യവാങ്്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു
കൊച്ചി:ലക്ഷദ്വീപ് കവരത്തി പോലിസിന്റെ വാദം തള്ളി ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന.ഫോണിലെ വാട്‌സ് അപ്പ് സന്ദേശങ്ങള്‍ താന്‍ മായ്ച്ചു കളഞ്ഞിട്ടില്ല.തനിക്ക് യാതൊന്നും മറച്ചു വെയ്ക്കാനില്ല.സാമ്പത്തിക സ്രോതസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് യാതൊരു ദുരൂഹതയുമില്ല.തന്റെ ഫോണും ലാപ് ടോപ്പും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനുള്ള സാധ്യത കാണുന്നുവെന്നും ഐഷ സുല്‍ത്താന മറുപടി സത്യവാങ്്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശം ബോധപൂര്‍വ്വം നടത്തിയതല്ല.ഇതില്‍ യാതൊരു വിധ ഗൂഡാലോചനയില്ലെന്നും ഐഷ സുല്‍്ത്താന സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി
ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കവരത്തി പോലിസ് ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ കവരത്തിപോലിസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.ഐഷക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം നില നില്‍ക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ചില വാട്‌സ്ആപ് ചാറ്റുകള്‍ ഐഷ സുല്‍ത്താന ഫോണില്‍ നിന്നും മായ്ച്ചുകളഞ്ഞിട്ടുണ്ടെന്നും ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കേസ് എടുത്തതിന് പിന്നാലെയുളള ഐഷയുടെ നടപടി ദുരൂഹമാണ്. ഈ വാട്‌സ് ആപ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.ഐഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. പോലിസ് ആവശ്യപ്പെട്ട രേഖകള്‍ ഇതേവരെ കൈമാറിയിട്ടില്ല. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷ മൊബൈലില്‍ മറ്റാരോ ആയി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും കേസ് റദ്ദാക്കരുതെന്നും കവരത്തി പോലിസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഇതിനു മറുപടിയായിട്ടാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

