ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
അത്യവശ്യമായി പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ കോളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടാം. കാണ്ഡിയിലുള്ള അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെയും ഹാമ്പട്ടോട്ട, ജാഫ്‌ന എന്നിവടങ്ങളിലുള്ള കോണ്‍സലേറ്റുകളുടെയും സഹായം തേടാവുന്നതാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്
ന്യൂഡല്‍ഹി: 259 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒഴിവാക്കാനാവുന്ന യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കാനാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അത്യവശ്യമായി പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ കോളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടാം. കാണ്ഡിയിലുള്ള അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെയും ഹാമ്പട്ടോട്ട, ജാഫ്‌ന എന്നിവടങ്ങളിലുള്ള കോണ്‍സലേറ്റുകളുടെയും സഹായം തേടാവുന്നതാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.ആക്രമണ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയും രാത്രിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നത് യാത്രയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈസ്റ്റര്‍ ദിനത്തില്‍ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയില്‍ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങള്‍ക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റര്‍ പ്രാര്‍ഥനകള്‍ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സ്‌ഫോടനമുണ്ടായി.
