'ദേശീയത' എന്ന പദം ഒഴിവാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Update: 2020-02-20 12:53 GMT

റാഞ്ചി(ജാര്‍ഖണ്ഡ്): അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസിസത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്തുന്നതിനാല്‍ ദേശീയത എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. റാഞ്ചിയിലെ മുഖര്‍ജി സര്‍വകലാശാലയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലാണ് മോഹന്‍ ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്. യുകെയിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുമായുള്ള സംഭാഷണം അനുസ്മരിച്ചാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്. 'ദേശീയത എന്ന പദം ഉപയോഗിക്കരുത്. ദേശം, ദേശീയമായ എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണ്, പക്ഷേ ദേശീയത എന്ന പദം ഉപയോഗിക്കരുത്. കാരണം അത് ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മതമൗലികവാദം മൂലം രാജ്യത്തുടനീളം അശാന്തി നിലനില്‍ക്കുന്നുണ്ട്. വൈവിധ്യമുണ്ടെങ്കിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അടിമയാവുകയോ ആരെയും അടിമയാക്കുകയോ ചെയ്യരുത് എന്നത് ഇന്ത്യയുടെ നയമാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്ന ഗുണമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ്. ഇന്ത്യയെ ലോകത്തിന്റെ നായകസ്ഥാനത്തെത്തിക്കാനുള്ള അന്തിമ ലക്ഷ്യത്തോടെ ആര്‍എസ്എസ് വികസിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാഷ്ട്രം പുരോഗമിക്കുമ്പോള്‍, രാജ്യവുമായി ബന്ധിപ്പിക്കുന്നതിന് ഉതകുന്ന വിധത്തില്‍ ഹിന്ദുത്വ അജണ്ടയുമായി സംഘം മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News