പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ തോക്കുമായി ആക്രമിക്കാന്‍ ശ്രമിച്ച സംഭവം; രണ്ടു സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കോട്ടുവള്ളി സ്വദേശി മിഥുന്‍, ചെറായി സ്വദേശി ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-02-21 17:22 GMT

കൊച്ചി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രകടനത്തെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് തോക്കുമായെത്തിയ രണ്ട് സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോട്ടുവള്ളി സ്വദേശി മിഥുന്‍, ചെറായി സ്വദേശി ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്.  സംഘപരിവാര്‍ സംഘടനകളുടെ നിയന്ത്രണത്തിലുള്ള സംഘടനയായ അമ്പാടി സേവാകേന്ദ്രത്തിലെ ആംബുലന്‍സിന്റെ ഡ്രൈവറാണ് പോലിസ് പിടിയിലായ മിഥുന്‍. ഞായറാഴ്ച വൈകിട്ട് 5.30നാണ് സംഭവം.

പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഡിവിഷന്‍ കമ്മിറ്റി പറവൂര്‍ ടൗണില്‍ പ്രകടനം നടത്തുന്നതിനിടെയാണ് റോഡരികില്‍ ബൈക്കില്‍ രണ്ടുപേര്‍ തോക്കുമായെത്തിയത്. ചേന്ദമംഗലം ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗവ. താലൂക്ക് ആശുപത്രിക്കു സമീപം എത്തിയപ്പോള്‍ തോക്കുമായി ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രകടനത്തിലേക്ക് ഇടിച്ചുകയറ്റുകയും തങ്ങളുടെ യോഗിക്കെതിരേ ശബ്ദിച്ചാല്‍ കൊന്നുകളയുമെന്ന് ആക്രോശിച്ച് വെടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നാട്ടുകാരും ഇടപെടുകയും വിവരം പോലിസിനെ അറിയിക്കുകയും ചെയ്തു.

ഇതിനിടെ താലൂക്ക് ആശുപത്രി സമീപത്ത് നിര്‍ത്തിയിട്ട വെളിയത്ത്‌നാട് ചന്ദ്രശേഖരന്‍ സ്മാരക സേവാവാഹിനിയുടെ കെഎല്‍ 42 ആര്‍ 8696 ആംബുലന്‍സില്‍ തോക്ക് വച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇരുവരെയും പിടികൂടി പോലിസിലേല്‍പ്പിച്ചു. വിവരമറിഞ്ഞെത്തിയ നോര്‍ത്ത് പറവൂര്‍ പോലിസ് ആംബുലന്‍സും തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കണ്ടെടുത്തത് എയര്‍ഗണ്ണാണെന്നു പറഞ്ഞ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ പോലിസ് ശ്രമം നടത്തിയതായും ആരോപണമുണ്ട്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ വധശ്രമത്തിനും മനപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഏരിയാ പ്രസിഡന്റ് നിസാര്‍ അഹമ്മദ് പരാതി നല്‍കിയിരുന്നു.

Tags:    

Similar News