പൊതുകിണറില്‍ നിന്ന് വെള്ളമെടുത്തതിന് ബ്രാഹ്മണരുടെ ആക്രമണം; ജമ്മുവിലെ ദലിത് സമുദായം ഭീതിയില്‍

Update: 2021-07-03 05:10 GMT

ജമ്മു: പൊതു കിണറില്‍ നിന്ന് ദലിതര്‍ കുടിവെള്ളമെടുക്കുന്നത് ബ്രാഹ്മണ സമുദായ അംഗങ്ങള്‍ തടഞ്ഞതായും ആക്രമിച്ചതായും പരാതി. ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ മലാര്‍ഹ് ഗ്രാമത്തില്‍ നിന്നുള്ള ദലിത് മഹാഷ സമുദായമാണ് ഭീതിയില്‍ കഴിയുന്നതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ ഒമ്പതിന് രാത്രിയില്‍ ബ്രാഹ്മണ വിഭാഗങ്ങള്‍ ആക്രമിച്ചതായാണ് പരാതി.


ജൂണ്‍ അഞ്ചിന് 'പാണ്ഡവരുടെ കിണര്‍' എന്നറിയപ്പെടുന്ന പൊതു കിണറില്‍ നിന്ന് ദലിത് സ്ത്രീകള്‍ കുടിവെള്ളം എടുക്കുന്നത് ബ്രാഹ്മണ വിഭാഗങ്ങള്‍ തടഞ്ഞിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് നാല് ദിവസം കഴിഞ്ഞാണ് ദലിതര്‍ക്ക് നേരെ ബ്രാഹ്മണ വിഭാഗത്തിന്റെ ആക്രമണമുണ്ടായത്. മൂര്‍ച്ചയേറിയ ആയുധങ്ങളുമായത്തിയ ബ്രാഹ്മണ വിഭാഗത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് തങ്ങള്‍ വീട് വിട്ടുപോയതായി ആക്രമണത്തിന് ഇരയായ രാജ്കുമാരി എന്ന സ്ത്രീ പറഞ്ഞു. അവരുടെ ഭര്‍ത്താവ് സോം രാജ്(40), മകന്‍ അമിത് കുമാര്‍(20), സഹോദരന്‍ ദേവ് രാജ്(38) എന്നിവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ തലക്ക് പരിക്കേറ്റതായും ആക്രമണത്തിന് ഇരയായവര്‍ പറഞ്ഞു. ദലിത് വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ബ്രാഹ്മണ വിഭാഗത്തിലെ ഏഴ് പേര്‍ക്കെതിരേ ജമ്മു കശ്മീര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പോലിസിലും ഭരണകൂടത്തിലും സ്വാധീനമുള്ള ബ്രാഹ്മണര്‍ കേസില്‍ നിന്ന് രക്ഷപ്പെടുമെന്നും തങ്ങള്‍ ഇരയാക്കപ്പെടുമെന്നും ഭയക്കുന്നതായി ആക്രമണത്തിന് ഇരയായ രാജകുമാരിയും കുടുംബവും പറഞ്ഞു.

Tags:    

Similar News