'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം ഏറ്റെടുത്തു': വി ഡി സതീശൻ

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസമില്ല. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത് ജനത്തിന്‍റെ കണ്ണിൽ പൊടിയിടാനാണ്.

Update: 2022-06-25 06:52 GMT

കൽപ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശന്‍. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും അക്രമി സംഘത്തിലുണ്ട്. സംഘപരിവാറിന്‍റെ ക്വട്ടേഷന്‍ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുലിന്‍റെ ഓഫിസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസമില്ല. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത് ജനത്തിന്‍റെ കണ്ണിൽ പൊടിയിടാനാണ്. മോദിയെ പ്രീതിപ്പെടുത്താൻ പിണറായി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു.

രക്തസാക്ഷികളെ ഉണ്ടാക്കാനും ആളുകളുടെ കണ്ണില്‍ പൊടിയിടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎം പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് അക്രമത്തെ തള്ളിക്കളയാന്‍ തയാറായത്. ആക്രമണം തടയാതിരിക്കാന്‍ പോലിസിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ നേതൃത്വം തടയില്ല. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപിയെ സന്തോഷിപ്പിക്കുന്ന കാര്യമാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Similar News