എന്‍ആര്‍സി പട്ടികയില്‍ നിന്ന് അസം പ്രതിപക്ഷ എംഎല്‍എയും പുറത്ത്

ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ (എയുഡിഎഫ്) അനന്ത കുമാര്‍ മാലോയാണ് പൗരത്വ പട്ടിയില്‍നിന്ന് പുറത്തായത്.

Update: 2019-08-31 10:55 GMT

ഗുവാഹത്തി: സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ 19 ലക്ഷം പേരില്‍ സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള എംഎല്‍എയും. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ (എയുഡിഎഫ്) അനന്ത കുമാര്‍ മാലോയാണ് പൗരത്വ പട്ടിയില്‍നിന്ന് പുറത്തായത്. സര്‍ക്കാര്‍ ഇന്നു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ തന്റെ പേരില്ലെന്ന് അനന്ത കുമാര്‍ മാലോ പറഞ്ഞു.

നിയമപരമായ താമസക്കാരെ തിരിച്ചറിയുന്നതിനും സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനും ലക്ഷ്യമിട്ടുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ 3.11 കോടി ജനങ്ങള്‍ ഇടംപിടിച്ചപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായത്.

നിയമപരമായ എല്ലാ വഴികളും അടയുന്നത് വരെ എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടാത്തവരെ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്‍ആര്‍സിയില്‍ നിന്ന് പുറത്തുപോയവവര്‍ക്ക് വിദേശ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയപരിധി 60ല്‍നിന്ന് 120 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

തര്‍ക്ക പരിഹാരത്തിന് ഘട്ടം ഘട്ടമായി ആയിരം ട്രൈബ്യൂണലുകളെങ്കിലും ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 100 െ്രെടബ്യൂണലുകള്‍ ഇതിനകം തുറന്നിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ 200ല്‍ അധികം ട്രൈബ്യൂണലുകള്‍ ആരംഭിക്കും. ട്രൈബ്യൂണലിലും തീരുമാനമായില്ലെങ്കില്‍ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രിം കോടതിയെയും സമീപിക്കാം.

Tags:    

Similar News