പൗരത്വ പട്ടിക: പുറത്തായവരുടെ കണക്ക് കൈവശമില്ലെന്ന് അസം സര്‍ക്കാര്‍

പുതുക്കിയ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട ബംഗാളി ഹിന്ദുക്കളുടെ വിവരങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അസം സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

Update: 2019-12-01 19:21 GMT

ഗുവാഹത്തി: അസമിലെ വിവാദ അന്തിമ ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി)യില്‍ നിന്ന് പുറത്തുപോയവരെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് അസം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പുതുക്കിയ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട ബംഗാളി ഹിന്ദുക്കളുടെ വിവരങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അസം സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ നൂറുല്‍ ഹുദയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറിയാണ് ഇക്കാര്യം അറിയിച്ചത്. 19,06,657 പേരെ ഒഴിവാക്കിയെന്നത് സംബന്ധിച്ച ഒരു വിവരവും നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) കോര്‍ഡിനേറ്റര്‍ ഓഫിസ് സംസ്ഥാന സര്‍ക്കാരുമായി പങ്കുവച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് സര്‍ക്കാരിന്റെ കൈവശം ഇതുസംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ പ്രതിനിധീകരിച്ച് മന്ത്രി വ്യക്തമാക്കി. എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ ഓഫിസില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പട്ടോവറി പറഞ്ഞു.

അന്തിമ എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബംഗാളി ഹിന്ദുക്കളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഡിസംബര്‍ ആറിന് നടക്കാനിരിക്കുന്ന ശീതകാല സമ്മേളനത്തില്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചതായി ഹിമാന്ത ബിശ്വ ശര്‍മ്മ വ്യാഴാഴ്ച സഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ആഗസ്ത് 31 ന് പ്രസിദ്ധീകരിച്ച അന്തിമ എന്‍ആര്‍സിയില്‍ നിന്ന് നിരവധി ഹിന്ദുക്കള്‍ പുറത്തായിട്ടുണ്ട്.

Tags:    

Similar News