പൗരത്വ ഭേദഗതി ബില്ലിനെതിരേ അസമില്‍ യുവാക്കളുടെ നഗ്‌നതാ പ്രതിഷേധം

മണിപ്പൂരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൈനികാതിക്രമണങ്ങള്‍ക്കെതിരേ ഏതാനും വനിതകള്‍ നടത്തിയ നഗ്നതാ പ്രതിഷേധ മാതൃകയിലാണ് അഞ്ച് യുവാക്കള്‍ ദേശീയപാത 37ലെ ദിബ്രുഗര്‍ ജില്ലയിലെ ചബുവ ടൗണില്‍ നഗ്‌നരായി പ്രതിഷേധ പ്രകടനം നടത്തിയത്.

Update: 2019-12-09 03:26 GMT

തിന്‍സുകിയ: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിക്കാനിരിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ അസമില്‍ യുവാക്കളുടെ നഗ്‌നതാ പ്രതിഷേധം. മണിപ്പൂരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൈനികാതിക്രമണങ്ങള്‍ക്കെതിരേ ഏതാനും വനിതകള്‍ നടത്തിയ നഗ്നതാ പ്രതിഷേധ മാതൃകയിലാണ് അഞ്ച് യുവാക്കള്‍ ദേശീയപാത 37ലെ ദിബ്രുഗര്‍ ജില്ലയിലെ ചബുവ ടൗണില്‍ നഗ്‌നരായി പ്രതിഷേധ പ്രകടനം നടത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന പ്രതിഷേധവുമായി ചബുവ വിഭാഗത്തില്‍പെട്ട യുവാക്കള്‍ പ്ലക്കാര്‍ഡുകളേന്തി വിവസ്ത്രരായി ദേശീയപാതയില്‍ നിലയുറപ്പിച്ചത്. നഗ്‌ന പ്രതിഷേധം നടത്തിയ അഞ്ച് യുവാക്കള്‍ എജെവൈസിപി അംഗമാണെന്ന് അസം ജാതിയതവാദി യൂവ ചത്ര പരിഷത്ത് (എജെവൈസിപി) അംഗമാണെന്നും പൗരത്വ ഭേദഗതി ബില്ലിനെതിരേ ഞങ്ങളുടെ പ്രതിഷേധം തുടരുമെന്നും എജെവൈസിപി ദിബ്രുഗഡ് ജില്ലാ യൂനിറ്റ് വൈസ് പ്രസിഡന്റിന്റെ ചുമതലയുള്ള പ്രിയബത് ഗോഹെയ്ന്‍ പറഞ്ഞതായി ഈസ്റ്റ് മോജോ റിപോര്‍ട്ട് ചെയ്തു. 'ആര്‍എസ്എസ് മുര്‍ദാബാദ്, അസമിയ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി ദേശീയപാതയില്‍ ടയര്‍ കത്തിച്ച് ഗതാഗതം സ്തംഭിപ്പിച്ച പ്രതിഷേധക്കാര്‍ ബിജെപി കാം നായി കാം നായ്, ബിനോദ് ഹസാരിക മുര്‍ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.

    ഇന്ന് തുടങ്ങുന്ന പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇരുസഭകളിലും ബില്ല് അവതരിപ്പിക്കാനാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതോടെയാണ് ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം രൂപപ്പെട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ ബില്ലിനെതിരേ അതിശക്തമായ പ്രതിഷേധമാണുയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ വിവാദ ബില്ലിന് അനുമതി നല്‍കിയതിന്റെ ഒരു ദിവസത്തിനു ശേഷമാണ് നഗ്‌ന പ്രതിഷേധം അരങ്ങേറിയത്. മതപരമായ പീഡനങ്ങള്‍ നേരിട്ട പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലിന് കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. ഇന്ന് നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്. നേരത്തേ, മണിപ്പൂരില്‍ ഇന്ത്യന്‍ സൈന്യം സ്ത്രീകള്‍ക്കെതിരേ നടത്തുന്ന ബലാല്‍സംഗങ്ങളിലും ലൈംഗികാതിക്രമങ്ങളിലും പ്രതിഷേധിച്ച് ഒരുകൂട്ടം വനിതകള്‍ നഗ്നതാ പ്രതിഷേധം നടത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.



Tags:    

Similar News