കെപിസിസി വിലക്ക് ലംഘിച്ച് മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ റാലി

Update: 2023-11-03 13:06 GMT

മലപ്പുറം: കെപിസിസി വിലക്ക് മറികടന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍. നേതൃത്വത്തിന്റെ മുന്നറിയിപ്പും കനത്ത മഴയും മറികടന്ന് നടത്തിയ റാലിയില്‍ സ്ത്രീകളുള്‍പ്പെടെ വന്‍തോതില്‍ പ്രവര്‍ത്തകരെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നേതൃത്വം നല്‍കിയ റാലിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കാനെത്തി. നേരത്തേ ഡിസിസിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയിരുന്നെങ്കിലും ആര്യാടന്‍ ഫൗണ്ടേഷന്‍ ജനസദസ്സുമായി രംഗത്തെത്തുകയായിരുന്നു. എന്നാലിത്, ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നു വിലയിരുത്തിയ കെപിസിസി നേതൃത്വം വിലക്കുകയായിരുന്നു. നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി രേഖാമൂലം അറിയിപ്പും നല്‍കി. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് ഇന്ന് വൈകീട്ട് റാലി നടത്തിയത്. ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലയിലാണ് സമാപിത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. എന്നാല്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും നേതൃത്വത്തോട് മറുപടി പറയുമെന്നുമായിരുന്നു ആര്യാടന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം.

Tags: