'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; മുഹമ്മദ് സുബൈറിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി

Update: 2022-06-27 17:03 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ വിദ്വേഷവും മതഭ്രാന്തും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരുമെന്നും സ്വേച്ഛാധിപത്യത്തിന്മേല്‍ സത്യം എപ്പോഴും വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മതവികാരം വ്രണപ്പെടുത്തുകയും ശത്രുത വളര്‍ത്തുകയും ചെയുവെന്നാരോപിച്ച് ഡല്‍ഹി പോലിസാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഒരു പ്രത്യേക മതത്തിലെ ദൈവത്തെ ബോധപൂര്‍വം അപമാനിക്കുന്നതിനായി സുബൈര്‍ 'ചോദ്യം ചെയ്യുന്ന തരത്തിലുള്ള' ചിത്രം ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് '@balajikijaiin' എന്ന ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലിസ് പറഞ്ഞു. 2018 മാര്‍ച്ചിലാണ് കേസിനാധാരമായ ട്വീറ്റ് സുബൈര്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍, സുബൈറിനെ അറസ്റ്റുചെയ്തിട്ടും എഫ്‌ഐആറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹി പോലിസ് നല്‍കിയില്ലെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹ ആരോപിച്ചു. 2020ലെ കേസിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തതതെന്നും എന്നാല്‍ ആ കേസില്‍ അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. സുബൈറിനെ അന്വേഷണസംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എഫ്‌ഐആര്‍ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചോദ്യം ചെയ്യലിനോട് സുബൈര്‍ സഹകരിക്കുന്നില്ലെന്നും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി കസ്റ്റഡി തേടുമെന്നും പോലിസ് അറിയിച്ചു. യതി നരസിംഹാനന്ദ, മഹന്ദ് ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗം ആള്‍ട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ആള്‍ട്ട് ന്യൂസിനെതിരെ സൈബര്‍ ആക്രമണവും നടത്തിയിരുന്നു. തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ യുപി പോലിസ് നേരത്തേ കേസെടുത്തിരുന്നു.

ഐപിസി 295 എ (മതവിശ്വാസങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്‌ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലിസ് മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരുന്നത്. തീവ്രഹിന്ദുത്വവാദി നേതാക്കളായ യതി നരസിംഹാനന്ദ്, മഹന്ത് ബജ്‌രങ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വര്‍ഗീയ വിദ്വേഷം പരത്തുന്നവരെന്ന് വിളിച്ചതിനാണ് മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരുന്നത്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് അന്ന് കേസെടുത്തിരുന്നത്.

അതേസമയം, ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആള്‍ട്ട് ന്യൂസ് സ്ഥാപകരിലൊരാളായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അഭിഭാഷകരോടും തന്നോടും സുബൈറിനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് പറയുന്നില്ല. 'ഞങ്ങള്‍ സുബൈറിന്റെ കൂടെ പോലിസ് വാനിലാണ്. ഒരു പോലിസുകാരനും നെയിം ടാഗൊന്നും ധരിച്ചിട്ടില്ല'. പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.

Tags:    

Similar News