ക്രൈസ്തവ- മുസ്‌ലിം സൗഹാര്‍ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക: എസ്ഡിപിഐ

Update: 2021-09-21 10:14 GMT

കോഴിക്കോട്: ക്രൈസ്തവ- മുസ്‌ലിം സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സൗഹാര്‍ദത്തില്‍ കഴിഞ്ഞ ഇരുസമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദയുമുണ്ടാക്കിയിരിക്കുകയാണ് ബിഷപ്പിന്റെ പ്രസ്താവന. വര്‍ഗീയതയ്‌ക്കെതിരാണെന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നല്‍കാന്‍ അരമനയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് അത്യന്തം ലജ്ജാകരമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സമൂഹത്തില്‍ ഛിദ്രതയും വെറുപ്പും സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മന്ത്രി വി എന്‍ വാസവന്റെ നടപടിയും ബിഷപ്പിനെ അറസ്റ്റ് ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും സത്യപ്രതിജ്ഞാ ലംഘനമാണ്. സര്‍ക്കാരിന്റെ പിന്തുണ ബിഷപ്പിന്റെ ആരോപണത്തിനുള്ള കൈയൊപ്പാണ്. അതുകൊണ്ടുതന്നെ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടോ എന്ന് തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ തയ്യാറാവണം.

സര്‍ക്കാര്‍ സംഘടിത വോട്ടുബാങ്കിനു മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. ഒരു മതവിഭാഗത്തെ വര്‍ഗീയവാദികളായും ക്രമിനലുകളായും മുദ്രകുത്തിയ ബിഷപ്പിനെ വെള്ളപൂശാനും സംരക്ഷിക്കാനും സര്‍ക്കാരും സിപിഎമ്മും കാണിക്കുന്ന അമിതോല്‍സാഹം മതേതര കേരളത്തിന് തീരാകളങ്കമാണ്. സാമ്പത്തിക ക്രമക്കേടുകളില്‍നിന്ന് തലയൂരാനും കേന്ദ്ര ഭരണകൂടത്തിന്റെ പ്രീതി സമ്പാദിക്കാനും സംഘപരിവാറിന്റെ ആരോപണങ്ങള്‍ ഏറ്റുപാടുന്ന പാലാ ബിഷപ്പിനെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? വ്രണിത ഹൃദയരായ ഇരകളുടെ മുറിവ് ഉണക്കുന്നതിനു പകരം വേട്ടക്കാരന് പിന്തുണ നല്‍കുക വഴി സര്‍ക്കാരും ഭരണകക്ഷിയും നല്‍കുന്ന സന്ദേശം അപകടകരമാണ്.

പ്രതികളുടെ ജാതിയും മതവും പദവിയും നോക്കി തീര്‍പ്പുകല്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഇരുസമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ റോളില്‍ പലരും മുതലെടുപ്പ് നടത്തുകയാണ്. അതേസമയം, പാലാ ബിഷപ്പിന്റെ വംശീയ അതിക്ഷേപങ്ങള്‍ക്കെതിരേ ക്രൈസ്തവ സമൂഹത്തില്‍ നിന്നുതന്നെ രംഗത്തുവന്ന മതേതര വിശ്വാസികളായ വ്യക്തികളും സംഘടനകളും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ വിവേചനപരമായ നിലപാട് തുറന്നുകാണിക്കാന്‍ സപ്തംബര്‍ 23ന് വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: