ഇന്ത്യന്‍ സൈനികര്‍ കശ്മീരിലെ മസ്ജിദില്‍ കയറി 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടെന്ന് ആരോപണം

Update: 2023-06-24 16:03 GMT

ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഒരു മുസ് ലിം പള്ളിയില്‍ ഇരച്ചുകയറിയ ഇന്ത്യന്‍ സൈനികര്‍ മുസ് ലിംകളോട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതായി ആരോപണം. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ 50 രാഷ്ട്രീയ റൈഫിള്‍സിലെ ഉദ്യോഗസ്ഥരാണ് പുല്‍വാമയിലെ ഒരു പള്ളിക്കുള്ളില്‍ അതിക്രമിച്ചുകയറി മുസ് ലിംകളോട് 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചതെന്നും ഇതറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായാണ് ആക്രമണം നടന്നതെന്നും ഇത് പ്രകോപനപരമായ നടപടിയാണെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തിയിരുന്നു.

Tags: