ഭാഷ അറിയാത്തതിന്റെ പേരില്‍ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

രണ്ട് മാസത്തിനകം അധ്യാപകനെ നിയമിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം ആലംകോട് സ്വദേശി എസ് മുഹമ്മദ് ഷിജിര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Update: 2020-08-21 12:55 GMT

കാസര്‍കോട്: ഫിസിക്കല്‍ സയന്‍സ് അധ്യാപകനായി പിഎസ്‌സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരില്‍സര്‍വീസില്‍ പ്രവേശിപ്പിക്കാതിരുന്ന കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

രണ്ട് മാസത്തിനകം അധ്യാപകനെ നിയമിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

തിരുവനന്തപുരം ആലംകോട് സ്വദേശി എസ് മുഹമ്മദ് ഷിജിര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അദ്ദേഹത്തിന് കാസര്‍കോട് മൂടംബെല്‍ ഗവ. ഹൈസ്‌കൂളിലാണ് കന്നട മീഡിയത്തില്‍ 2019 ഒക്ടോബര്‍ 30ന് നിയമനം ലഭിച്ചത്. കുട്ടികളും അധ്യാപകരും പ്രാദേശിക നേതാക്കളും ചേര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ തടസ്സം നിന്നു. അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ അധ്യാപകനെ സഹായിക്കാതിരുന്നതോടെ ജോലിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടായി.

കമ്മീഷന്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന് മുമ്പ് ഇതേ സ്‌കൂളില്‍ നിയമനം ലഭിച്ച രണ്ട് അധ്യാപകര്‍ക്കും സമാന അനുഭവമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കന്നട അറിയാത്തതായിരുന്നു കാരണം. പരാതിക്കാരന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരന് കന്നട അറിയില്ലെന്ന് അറിയാമായിരുന്നിട്ടും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള സ്‌കൂളില്‍ തന്നെ അദ്ദേഹത്തെ നിയമിച്ച ഉപഡയറക്ടറുടെ ഔചിത്യത്തെ കമ്മീഷന്‍ വിമര്‍ശിച്ചു.

പരാതിക്കാരന് ജോലിയില്‍ പ്രവേശിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഏഴ് മാസമായി പരാതിക്കാരന്‍ ജോലിയില്ലാതെ നിന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത്

മനുഷ്യാവകാശ ലംഘനമാണ്. ഇത് പരാതിക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.


Tags:    

Similar News