'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ തള്ളി സിപിഎം

Update: 2023-10-03 07:11 GMT

കണ്ണൂര്‍: മലപ്പുറത്തെ പുതിയ മുസ് ലിം പെണ്‍കുട്ടികള്‍ തട്ടം തലയിലിടാന്‍ വന്നാല്‍ വേണ്ടെന്ന പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവോടെയാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാറിന്റെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. അനില്‍കുമാര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണല്ലോയെന്ന ചോദ്യത്തിന്, ആര് ഉറച്ച് നിന്നാലും പാര്‍ട്ടി നിലപാടാണ് ഞാന്‍ പറഞ്ഞതെന്നും പരാമര്‍ശം അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദി സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ സംസാരിച്ചപ്പോള്‍ അതില്‍ ഒരുഭാഗത്ത് മുസ്‌ലിം തട്ടധാരണവുമായി ബന്ധപ്പെട്ട് പറയുകയുണ്ടായി. മുമ്പ് ഹിജാബ് വിവാദം വന്നപ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ല. അതിനാല്‍ തന്നെ അനില്‍കുമാറിന്റെ ആ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരുപരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതല്ല. അദ്ദേഹത്തിന്റെത് വലിയ ഒരു പ്രസംഗമാണ്. അത് എല്ലാം അനുചിതമാണെന്ന് പറയാനാവില്ല. ആ ഭാഗം മാത്രം അനുചിതമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News