'ഈ ഇന്ത്യ എന്റെ രാജ്യമല്ല'; പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തു

'ഈ ഇന്ത്യ എന്റെ രാജ്യമല്ല' എന്ന് തുടങ്ങുന്ന പോസ്റ്ററില്‍ ഇങ്ങനെ ഒരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നും പറയുന്നു. നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Update: 2020-02-29 05:25 GMT

പാലക്കാട്: ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പ്രതിഷേധിച്ച് കോളജില്‍ പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. മലമ്പുഴ ഗവ. ഐഐടി എസ്എഫ്‌ഐ യൂനിറ്റിന്റെ പേരിലാണ് 'ഈ ഇന്ത്യ എന്റെ രാജ്യമല്ല' എന്ന് തുടങ്ങുന്ന വരികളുള്ള പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

സ്ഥാപന അധികൃതരും എബിവിപിയും കെഎസ് യുവും നല്‍കിയ പരാതിയിലാണ് മലമ്പുഴ ഗവ. ഐഐടിയിലെ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ക്കെതിരെ പോലിസ് കേസെടുത്തത്. ദേശ പ്രതിജ്ഞയിലെ വാക്കുകള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാറ്റിയെഴുതി പോസ്റ്റര്‍ പതിച്ചെന്നാണ് പരാതി.

'ഈ ഇന്ത്യ എന്റെ രാജ്യമല്ല' എന്ന് തുടങ്ങുന്ന പോസ്റ്ററില്‍ ഇവിടെഇങ്ങനെ ഒരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നും പറയുന്നു. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ജിതിന്‍, സെക്രട്ടറി സുജിത് കൃഷ്ണ എന്നിവരടക്കം നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസ്. ഇന്നലെ രാവിലെയാണ് മലമ്പുഴ ഐഐടിയിലെ മതിലുകളിലും സ്ഥാപനത്തിന് അകത്തും പോസ്റ്ററുകളും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടത്. ഇതിലെ വരികള്‍ ദേശപ്രതിജ്ഞയെ അവഹേളിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാപന അധികൃതര്‍ പരാതി നല്‍കിയത്. പിന്നാലെ എബിവിപിയും പരാതി നല്‍കി. എഎസ്‌ഐ ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല.

Tags:    

Similar News