കലോല്‍സവ സ്വാഗതഗാനത്തിലെ മുസ്‌ലിം വിരുദ്ധ ദൃശ്യാവിഷ്‌കാരം; നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

Update: 2023-01-10 05:18 GMT

കോഴിക്കോട്: കലോല്‍സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായി അവതരിപ്പിച്ച മുസ്‌ലിം വിരുദ്ധ ദൃശ്യാവിഷ്‌കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്‌ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.

തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ സ്വാഗത ഗാനത്തിനെതിരേ മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്ന് മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.

മുജാഹിദ് സമ്മേളനത്തില്‍ മുസ്‌ലിം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കൈയടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുസ്‌ലിം സമുദായത്തെ തീവ്രവാദിയാക്കിയെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ആരോപിച്ചു. സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നുമാണ് ആരോപണം. സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌കാരത്തില്‍ തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നായിരുന്നു കെ പി എ മജീദിന്റെ വിമര്‍ശനം.

Tags:    

Similar News