ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി

ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോടികള്‍ ചെലവഴിച്ച് പുതുതായി പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്.

Update: 2019-06-22 17:53 GMT

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം കണ്ണൂര്‍ നാര്‍കോട്ടിക് ഡിവൈഎസ്പി വി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോടികള്‍ ചെലവഴിച്ച് പുതുതായി പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്.

ഇതോടെ സിപിഎം ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷയും എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയുമായ പി കെ ശ്യാമളക്കെതിരേ സാജന്റെ ഭാര്യയും ബന്ധുക്കളും പരാതിയുമായെത്തിയിരുന്നു. നഗരസഭ മനപൂര്‍വ്വം ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിച്ചെന്നും പി കെ ശ്യാമളയാണ് ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് ഇവര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ നഗരസഭയിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, ആന്തൂരിലെ സംഭവത്തില്‍ ഭരണസമിതിക്ക് വീഴ്ചയുണ്ടായെന്നും ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും സിപിഎം നേതാവ് പി ജയരാജന്‍ സമ്മതിച്ചു. ആന്തൂരിലെ വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ സംഭവത്തില്‍ വിശദീകരണം നല്‍കാനായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പി. ജയരാജന്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കേണ്ടവരല്ല ജനപ്രതിനിധികളെന്നും ശ്യാമളയുടെ സാന്നിധ്യത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News