ആന്ധ്രാപ്രദേശ് വ്യവസായ മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു

Update: 2022-02-21 06:03 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വീട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പ്പനേരത്തിന് ശേഷം മരിച്ചു. ദുബയ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനായി പോയിരുന്ന ഗൗതം റെഡ്ഡി 10 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്.

ഗൗതം റെഡ്ഡിയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വൈ എസ് ജഗന്‍മോഹന്‍ മന്ത്രിസഭയിലെ വ്യവസായ, ഐടി വകുപ്പുകളുടെ ചുമതലയാണ് ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്. 2019 ല്‍ നെല്ലൂര്‍ ജില്ലയിലെ അത്മാകൂര്‍ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തില്‍നിന്നും രണ്ടുതവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്.

2019ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ അംഗമായി. ഗൗതം റെഡ്ഡിയുടെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാല് തവണ പാര്‍ലമെന്റ് അംഗമായിരുന്നു. ഭാര്യയും മകനുമാണ് അദ്ദേഹത്തിനുള്ളത്. റെഡ്ഡിയുടെ ആകസ്മികമായ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News