മുഖ്യമന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പറഞ്ഞു; ആന്ധ്ര എംപിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശിലെ നര്‍സാപുരം എംപി കനുമുരു രഘുരാമ കൃഷ്ണം രാജുവിനെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ആന്ധ്രപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തത്.

Update: 2021-05-15 06:37 GMT

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വ്യവസ്ഥകള്‍ ലംഘിച്ച മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ആന്ധ്ര എംപിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശിലെ നര്‍സാപുരം എംപി കനുമുരു രഘുരാമ കൃഷ്ണം രാജുവിനെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ആന്ധ്രപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അന്തസ്സിന് ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് രാജുവിനെ ഹൈദരാബാദിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

    റെഡ്ഡി സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ക്കെതിരേയാണ് 59 കാരനായ എംപി വിമര്‍ശിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ 124 എ (രാജ്യദ്രോഹം), 153 എ(വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 505 (പൊതു ശല്യം ഉണ്ടാക്കുന്നു) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 'സ്ഥിരമായി തന്റെ പ്രസംഗങ്ങളിലൂടെ കൃഷ്ണം രാജു നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തിയെന്നും സര്‍ക്കാരിന്റെ വിവിധ പ്രതിനിധികളെ ആക്രമിക്കുന്നതിലൂടെ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെടത്തുകയാണെന്നുമാണ് ആരോപണം.

    അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ഏപ്രില്‍ 27ന് രാജു പ്രത്യേക സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യ വ്യവസ്ഥകള്‍ മുഖ്യമന്ത്രി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. കനുമുരു രഘുരാമ കൃഷ്ണം രാജു വര്‍ഷങ്ങള്‍ക്കു മുമ്പ് വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് തിരിച്ചെത്തിയത്. ഇതിനിടെ, ബിജെപിയിലും തെലുങ്കുദേശം പാര്‍ട്ടിയിലും ചേര്‍ന്നിരുന്നു.

Andhra Arrests MP For Sedition After He Says 'Cancel Chief Minister's Bail'


Tags: