സ്വാതന്ത്ര്യസമരം നാടകം, ഗാന്ധിജിയുടെ സത്യഗ്രഹം ഒത്തുകളി; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

Update: 2020-02-03 01:48 GMT

ബെംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഡ്‌ഗെ എംപി രംഗത്ത്. സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും ഗാന്ധിജിയുടെ സത്യഗ്രഹഹ സമരം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും ലോക്‌സഭ എംപിയായ അനന്ത് കുമാര്‍ ഹെഗ്‌ഡെ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ഒരു നേതാക്കള്‍ക്കും പോലിസിന്റെ മര്‍ദ്ദനമേറ്റിട്ടില്ല. ബ്രിട്ടിഷുകാരുടെ അനുമതിയോടെ നേതാക്കള്‍ നടത്തിയ നാടകമായിരുന്നു സ്വാതന്ത്ര്യ സമരം.സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിയതെന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടക്കുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് സത്യഗ്രഹം കാരണമൊന്നുമല്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.

    അതേസമയം, ബിജെപി കര്‍ണാടക ഘടകം ഹെഡ്‌ഗെയെ തള്ളി. പ്രസ്താവനയോടെ പാര്‍ട്ടിക്കു യോജിപ്പില്ലെന്നും ആര്‍എസ്എസ് മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്നുവെന്നും ബിജെപി വക്താവ് ജി മധുസൂദനന്‍ പറഞ്ഞു. ഗാന്ധി ഘാതകരുടെ ആരാധകരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ പ്രതികരണം. അദ്ദേഹത്തിന് സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാനം പോലുമറിയില്ല. ലോകത്ത് അഹിംസാസമരത്തിലൂടെ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

    അനന്ത് കുമാര്‍ ഹെഗ്‌ഡെയെ മാനസികാശുപത്രിയിലേക്ക് അയക്കണമെന്നായിരുന്നു കെപിസിസി മാധ്യമവിഭാഗം തലവന്‍ വി എസ് ഉഗ്രപ്പയുടെ പ്രതികരണം. ഗാന്ധിജി സ്വാതന്ത്ര്യ സമര പോരാളിയല്ലെന്ന് പറയുന്ന ഹെഗ്‌ഡെയെ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. നേരത്തേ അംബേദ്കര്‍ക്കെതിരേയും ഇദ്ദേഹം രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന് മാനസിക നില തെറ്റിയിരിക്കുകയാണ്. അദ്ദേഹത്തെ നിംഹാന്‍സിലോ അതുപോലെയുള്ള മാനസിക രോഗികളെ ചികില്‍സിക്കുന്ന ആശുപത്രിയിലോ ചികില്‍സിക്കാന്‍ ബിജെപി തയ്യാറാവണം. ഗാന്ധിജിയെ നിന്ദിക്കുന്നതിലൂടെ ഹെഗ്‌ഡെ ഇന്ത്യാ രാജ്യത്തെ തന്നെയാണ് അധിക്ഷേപിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ആര്‍എസ്എസ് ഗാന്ധിജിക്കെതിരായിരുന്നു. ഇപ്പോള്‍ ബിജെപി നേതാക്കളും ഇതേവഴിയിലാണ് സംസാരിക്കുന്നത്. യഥാര്‍ഥ തീവ്രവാദികള്‍ ബിജെപി നേതാക്കളാണ്. അവര്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇപ്പോള്‍ മന്ത്രിസ്ഥാനമില്ലാത്ത ഹെഡ്‌ഗെ വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണെും പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം അബദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

    ഒന്നാം മോദി സര്‍ക്കാരില്‍ നൈപുണ്യ വികസന മന്ത്രിയായിരുന്ന ഹെഡ്‌ഗെ നേരത്തെയും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഗാന്ധിജി മുസ് ലിം പിതാവിന്റെയും ക്രിസ്ത്യന്‍ മാതാവിന്റെയും മകനായി ജനിക്കുകയും ബ്രാഹ്മണനാണെന്ന് അവകാശപ്പെടുകയും ചെയ്തയാളാണെന്നായിരുന്നു മുമ്പ് ഹെഡ്‌ഗെയുടെ പരാമര്‍ശം. മാത്രമല്ല, സിഎഎയില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച ശശികാന്ത് സെന്തിലിനെ തീവ്രവാദിയെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോവണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.



Tags: