'ചികില്‍സാ മാര്‍ഗനിര്‍ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരുമണിക്കൂറെടുത്തു'; കൊറോണ പടരുമ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ലാതെ കശ്മീരി ഡോക്ടര്‍മാര്‍

'ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഹാഷ് ടാഗില്‍ പരസ്പരം വിവരങ്ങളും സഹായങ്ങളും കൈമാറി കൊണ്ടിരിക്കുമ്പോള്‍ ചികില്‍സാ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലും ഡൗണ്‍ലോഡ് ചെയ്യാനാവാതെ പ്രതിസന്ധി നേരിടുകയാണ് കശ്മീരിലെ ആരോഗ്യ വിദഗ്ധന്‍'. കശ്മീരി ഡോക്ടര്‍ ട്വീറ്റ് ചെയ്തു.

Update: 2020-03-21 01:51 GMT

ശ്രീനഗര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കശ്മീര്‍ താഴ്‌വര വീണ്ടും കടുത്ത പ്രതിസന്ധിയിലായി. രോഗ വ്യാപനം തടയുന്നതിനുള്ള തീവ്രശ്രമത്തിലാണ് താഴ് വരയിലെ ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് അധികൃതരും.

എന്നാല്‍, വേഗതയുള്ള ഇന്റര്‍നെറ്റ് സംവിധാനമില്ലാത്തതിനാല്‍ പുതിയ വിവരങ്ങള്‍ ലഭ്യമാകാനും പ്രതിരോധ നടപടികള്‍ ജനങ്ങളിലെത്തിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 4ജി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിക്കണമെന്നും ജനങ്ങള്‍ക്ക് രോഗ പ്രതിരോധം സംബന്ധിച്ച വിവരങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ ഇത് ആവശ്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

'കശ്മീരിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. തീവ്രപരിചരണം സംബന്ധിച്ച് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ അയച്ച 24 എംബിയുള്ള ഫയല്‍ തുറക്കാന്‍ തന്നെ ഒരുമണിക്കൂര്‍ എടുത്തു...ഇപ്പോഴും അത് തന്നെയാണ് അവസ്ഥ'. ശ്രീനഗറിലെ ഗവ. മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പ്രഫസര്‍ ഇക്ബാല്‍ സലീം പറഞ്ഞു.

'ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഹാഷ് ടാഗില്‍ പരസ്പരം വിവരങ്ങളും സഹായങ്ങളും കൈമാറി കൊണ്ടിരിക്കുമ്പോള്‍ ചികില്‍സാ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലും ഡൗണ്‍ലോഡ് ചെയ്യാനാവാതെ പ്രതിസന്ധി നേരിടുകയാണ് കശ്മീരിലെ ആരോഗ്യ വിദഗ്ധന്‍'. മറ്റൊരു കശ്മീരി ഡോക്ടര്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News