അമിത് ഷാ ഉറങ്ങുകയാണോ...?; ബിജെപിയെ വെല്ലുവിളിച്ച് ഉവൈസി

Update: 2020-11-24 08:46 GMT

ഹൈദരാബാദ്: തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജിന്നയുടെ പുതിയ അവതാരമെന്ന് വിശേഷിപ്പിച്ച ബിജെപി യുവ എംപി തേജസ്വി സൂര്യയെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. വോട്ടേഴ്സ് ലിസ്റ്റില്‍ 1000 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ പേരു കാണിക്കാമോയെന്നാണു ഉവൈസിയുടെ വെല്ലുവിളി. വോട്ടര്‍ പട്ടികയില്‍ 40,000 ത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ പേര് കൂട്ടിച്ചേര്‍ത്തെന്ന ആരോപണത്തെയാണ് ഉവൈസി ഇത്തരത്തില്‍ നേരിട്ടത്.

    വോട്ടര്‍ പട്ടികയില്‍ റോഹിന്‍ഗ്യകളുടെ പേരുണ്ടെന്ന് പറഞ്ഞിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ?. നഗരത്തില്‍ റോഹിന്‍ഗ്യരുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇന്റലിജന്‍സ് ബ്യൂറോയും ആഭ്യന്തര മന്ത്രി അമിത് ഷായും മിണ്ടാതെ നില്‍ക്കുന്നത്. ഇപ്പറയുന്ന രീതിയില്‍ 40000 പേരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് നോക്കേണ്ടത് അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ജോലിയല്ലേ?. ബിജെപി സത്യസന്ധരാണെങ്കില്‍ ആയിരം പേരുടെയെങ്കിലും പേരുകള്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കാണിച്ചുരൂ എന്നും ഉവൈസി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം വിദ്വേഷ പ്രചാരണമാണ്. ഈ യുദ്ധം ഹൈദരാബാദും ഭാഗ്യനഗറും തമ്മിലാണ്. ആര് വിജയിക്കുമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഉവൈസി പറഞ്ഞിരുന്നു.

    കഴിഞ്ഞ ദിവസം ഒവൈസിക്കെതിരെ ബിജെപി നേതാവ് തേജസ്വി സൂര്യ എംപി കടന്നാക്രമിച്ചിരുന്നു. ഉവൈസി മുഹമ്മദലി ജിന്നയുടെ പുതിയ അവതാരണമാണെന്നും അവര്‍ക്ക് ചെയ്യുന്ന ഓരേ വോട്ടും ഇന്ത്യയ്‌ക്കെതിരാണെന്നുമായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.

Amith shah is sleeping...?; Uwaisi attacks BJP

Tags: